അരക്ഷിതരായ നേതാക്കള്‍ ഉള്ള നാട്ടില്‍ ജനങ്ങളെങ്ങനെ സുരക്ഷിതരാവും; പരിഹാസവുമായി ജോയ് മാത്യു

ജോയ് മാത്യു

കൊച്ചി: അരക്ഷിതരായ നേതാക്കള്‍ ഉള്ള നാട്ടില്‍ ജനങ്ങളെങ്ങനെ സുരക്ഷിതരാവുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. പൊലീസുകാരെ മന്ത്രിമാരുടേയും മറ്റ് നേതാക്കന്മാരുടേയും സുരക്ഷയ്ക്ക് നിയോഗിക്കുന്നതിനെ പരിഹസിച്ച് രംഗത്തെത്തിയതായിരുന്നു ജോയ് മാത്യു. തന്റെ അഭിപ്രായത്തില്‍ ഓരോ പാര്‍ട്ടിയുടെ നേതാവിനും ചുരുങ്ങിയത് അഞ്ച് പേരെയെങ്കിലും വലയം തീര്‍ക്കാന്‍ നിയോഗിക്കണമെന്നും അതോടെ പൊലീസ് ഇപ്പോഴുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതാവുമെന്നും ജോയ്മാത്യു കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അരക്ഷിതരായ നേതാക്കള്‍ ഉള്ള നാട്ടില്‍ ജനങ്ങളെങ്ങനെ സുരക്ഷിതരാവും? ഇത്രക്ക് പേടിച്ചു തൂറികളാണോ നമ്മുടെ ജനപതിനിധികള്‍? മൂന്നുകോടിയില്‍പ്പരം ജനസംഖ്യയുള്ള കേരളത്തില്‍ ആകെയുള്ള പൊലീസുകാര്‍(വനിതകളടക്കം) 40567 പേരാണ്. ഇതില്‍ ഇരുനൂറിലധികം പേര്‍ നമ്മുടെ നേതാക്കന്മാര്‍, മന്ത്രിമാര്‍ തുടങ്ങി പല്ലുള്ളവരും പല്ലു പോയവരുമായ ന്യായാധിപന്മാരുടെയോ അമ്മാതിരി സ്ഥാനത്തുള്ള മറ്റുള്ളവരുടെയൊ സുരക്ഷക്കാണത്രെ.

ഇതില്‍ 40 പൊലീസുകാര്‍ മുഖ്യമന്ത്രിക്ക് മാത്രമായി വലയം തീര്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന്ന് ഒരു 16 പേരെങ്കിലും വേണ്ടതല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അത് സമ്മതിച്ചേ പറ്റൂ. കാരണം കാശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ആക്രമണങ്ങള്‍, തട്ടിക്കൊണ്ടു പോകലുകള്‍, വധ ഭീഷണി എന്നിവയെല്ലാം നടക്കുന്ന സ്ഥലമാണല്ലോ നമ്മുടെ കേരളം! അതുകൊണ്ട് മുഖ്യമന്ത്രിയെയും മറ്റും നമുക്ക് സംരക്ഷിച്ചെ പറ്റൂ. അക്കാര്യത്തില്‍ നമുക്ക് തര്‍ക്കവുമില്ല.

എന്നാല്‍ മന്ത്രിമാര്‍ക്ക് മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ക്കും സുരക്ഷാ ഭീഷണിയുണ്ടത്രേ. അതുകൊണ്ടാണ് സിപിഐഎം സെക്രട്ടറി കോടിയേരിക്ക് 23 പൊലീസുകാര്‍ വലയം തീര്‍ക്കുന്നത്. ഇത് കോടിയേരിക്ക് മാത്രമല്ല അധികാരമില്ലാത്ത പല നേതാക്കന്മാര്‍ക്കും ഉണ്ടത്രേ പൊലീസ് വലയങ്ങള്‍! ഇങ്ങിനെ പൊതുജനത്തെ പേടിച്ചു കഴിയാന്‍ മാത്രം എന്ത് തെറ്റാണിവര്‍ ചെയ്തത്? രാജ്യത്തെ സേവിക്കുന്നു എന്നതോ?

എന്റെ അഭിപ്രായത്തില്‍ ഓരോ പാര്‍ട്ടിയുടെ നേതാവിനും ചുരുങ്ങിയത് അഞ്ച് പേരെയെങ്കിലും വലയം തീര്‍ക്കാന്‍ നിയോഗിക്കണമെന്നാണ്. അതോടെ പൊലീസ് ഇപ്പോഴുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതാവും മാത്രവുമല്ല രാഷ്ട്രീയ നേതാക്കള്‍ വലയത്തിനകത്ത് നിന്നും പുറത്ത് ചാടി ജനങ്ങള്‍ക്കരികിലേക്ക് വരാതിരിക്കുകയും ചെയ്യും. അപ്പോഴാണ് നമ്മള്‍ ജനങ്ങള്‍ സുരക്ഷിതരാകുന്നത്,’ ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top