‘യോഗാദിനാചരണം നടത്തുകയും വേണം എന്നാല്‍ അതിന്റെ അന്തസ്സത്ത അംഗീകരിക്കാനും പറ്റില്ല’; ഈ ദുരഭിമാനം ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കൊച്ചി: യോഗാദിനാചരണം നടത്തുകയും വേണം എന്നാല്‍ അതിന്റെ അന്തസ്സത്തയെ അംഗീകരിക്കാനും പറ്റില്ലെന്ന ഈ ദുരഭിമാനം ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് പിണറായി വിജയനോട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. യോഗക്ക് നിയതമായ ചില രീതികളുണ്ടെന്നും അത് തികച്ചും ആധ്യാത്മികമാണെന്നും പറഞ്ഞ സുരേന്ദ്രന്‍, മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിലൂടെ മനുഷ്യനെ വ്യാഖ്യാനിക്കുന്ന ഒരാള്‍ക്കും അതിനെ അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘മിസ്റ്റര്‍ പിണറായി വിജയന്‍, ഈ ദുരഭിമാനം ഒരു മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല. യോഗാദിനാചരണം നടത്തുകയും വേണം എന്നാല്‍ അതിന്റെ അന്തസ്സത്തയെ അംഗീകരിക്കാനും പറ്റില്ല. യോഗക്ക് നിയതമായ ചില രീതികളുണ്ട്. അതിന് ഒരു സ്വത്വമുണ്ട്. അത് തികച്ചും ആധ്യാത്മികമാണ്. മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിലൂടെ മനുഷ്യനെ വ്യാഖ്യാനിക്കുന്ന ഒരാള്‍ക്കും അതിനെ അംഗീകരിക്കാനാവില്ല. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് ഈ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളേയും തൃപ്തിപ്പെടുത്തുമ്പോഴേ ഒരു പൂര്‍ണ്ണ മനുഷ്യജന്മം സാര്‍ത്ഥകമാവൂ എന്ന ഭാരതീയകാഴ്ചപ്പാട് അംഗീകരിക്കുമ്പോഴേ യോഗയെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ വിലയിരുത്താനാവൂ,’ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യോഗയും മെഡിറ്റേഷനും പരസ്പരപൂരകമാണ്. പ്രാണായാമവും കുണ്ഡലിനിയെ ഉണര്‍ത്തലുമൊക്കെ മുദ്രാവാക്യം മുഴക്കി നടത്താവുന്ന ഒന്നല്ല. ഒന്നുകില്‍ ഭൗതികവാദത്തിന്റെ നിരര്‍ത്ഥകതയെ അംഗീകരിച്ച് ഇതിനോട് പൊരുത്തപ്പെടുക. അല്ലെങ്കില്‍ ഈ പണി ഞങ്ങള്‍ക്ക് പറ്റിയതല്ലെന്ന് തുറന്നുപറഞ്ഞ് മാറിനില്‍ക്കുക. ഈ അന്തര്‍ദ്വന്തം താങ്കളുടെ നിസ്സഹായത മാത്രമാണ് വെളിവാക്കുന്നത്. യോഗക്ക് പുതിയ നിര്‍വചനങ്ങള്‍ ചമക്കാനുള്ള താങ്കളുടെ നീക്കം പരിഹാസ്യമാണെന്നു പറയാതെ വയ്യെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top