മര്‍ദ്ദനക്കേസ്: പൊലീസ് ഡ്രൈവര്‍ ഗവാസ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

ഡ്രൈവര്‍ ഗവാസ്കര്‍
കൊച്ചി: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ നല്കിയ പരാതിയില്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജൂലൈ നാലുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
ഗവാസ്കര്‍ തന്നെ മര്‍ദിച്ചെന്ന് കാട്ടിയാണ് എഡിജിപിയുടെ മകള്‍ പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ നല്‍കിയിരിക്കുന്നത് കള്ളക്കേസാണെന്നും പരാതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവാസ്കര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കോടിയുടെ ഉത്തരവ്. ഗവാസ്കറുടെയും എഡിജിപിയുടെ മകളുടെയും കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

എഡിജിപിയുടെ മകള്‍ മര്‍ദിച്ച സംഭവത്തില്‍ ഗവാസ്കര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവാസ്കറിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും തന്റെ പരാതി ദുര്‍ബലപ്പെടുത്താനാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും ഗവാസ്കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതിനെതിരെ ഗവാസ്കര്‍ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. കേസ് പിന്‍വലിക്കാന്‍ സുധേഷ് കുമാര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ ഗവാസ്കര്‍ വഴങ്ങിയില്ല. ഇതിന് പിന്നാലെയാണ് എഡിജിപിയുടെ മകള്‍ ഗവാസ്കറിനെതിരെ പരാതി നല്‍കിയത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
കനകക്കുന്നില്‍ പ്രഭാതസവാരിക്ക് കൊണ്ടുപോയി തിരിച്ച് വരുന്ന വഴിയില്‍ വാഹനത്തില്‍ വച്ച് എഡിജിപിയുടെ മകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഗവാസ്കറിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഗവാസ്കറിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്. സംഭവം വിവാദമായതോടെ കേസ് പിന്‍വലിക്കാന്‍ എഡിജിപി സുധേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ഗവാസ്കര്‍ പറഞ്ഞിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക