എംജി റോഡില്‍ കൊച്ചി നഗരസഭയുടെ സ്ഥലത്തെ മരം മുറിച്ചുമാറ്റിയ സംഭവം; മരം നിന്നിരുന്ന സമീപത്തെ കെട്ടിട ഉടമയേയും കോര്‍പറേഷന്‍ ഭരണസമിതിയിലെ മുതിര്‍ന്ന നേതാവിനെയും കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: എറണാകുളം എംജി റോഡില്‍ കൊച്ചി നഗരസഭയുടെ സ്ഥലത്തെ മരം മുറിച്ചുമാറ്റിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകും. മരം നിന്നിരുന്ന സമീപത്തെ കെട്ടിട ഉടമയേയും കോര്‍പറേഷന്‍ ഭരണസമിതിയിലെ മുതിര്‍ന്ന നേതാവിനെയും കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകും. കെട്ടിട ഉടമയ്ക്ക് പാര്‍ക്കിംഗ് ഉറപ്പു വരുത്താനാണ് ഒരു സംഘം മരംമുറിക്കാന്‍ ക്വട്ടേഷന്‍ എടുത്തതെന്നും ഈരോപണമുണ്ട്.

കഴിഞ്ഞ ദിവസം പതിനഞ്ചോളം വരുന്ന ഗുണ്ടാ സംഘമാണ് രാത്രിയുടെ മറവില്‍ എറണാകുളം എംജി റോഡിലെ നഗരസഭാ സ്ഥലത്തെ മരം മുറിച്ചത്. ഗുണ്ടാസംഘത്തിലെ അഞ്ച് പേര്‍ പിന്നീട് പൊലീസിന്റെ പിടിയിലാവുകയും ചെയ്തു.

പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതരി പൊലീസ് ചുമത്തിയിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മരം നിന്നിരുന്ന സ്ഥലത്തിനു സമീപത്തുള്ള കെട്ടിടത്തിന്റെ ഉടമ നല്‍കിയ ക്വട്ടേഷന്‍ ആണിതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കോര്‍പറേഷന്‍ ഭരണസമിതിയിലെ ഒരു പ്രമുഖന്റെ സഹായവും ഗുണ്ടാസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

നഗരത്തില്‍ മുന്‍പ് വസ്ത്രവ്യാപാരം ചെയ്തിരുന്ന ഒരു നേതാവിനും ഈ മരംമുറിക്കലുമായി ബന്ധമുള്ളതായി ആരോപണമുണ്ട്. വരുംദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നാണ് സൂചന.

അതേസമയം സ്ഥലത്ത് കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top