ഇംഗ്ലണ്ടിന്റെ റണ്‍മലയ്ക്ക് മുന്നില്‍ പകച്ച ഓസീസിന് നാണംകെട്ട തോല്‍വി

നോട്ടിങ്ഹാം: എന്തൊരടിയായിരുന്നു അത്… ഇംഗ്ലീഷ് താരങ്ങളുടെ ബാറ്റിന്റെ ചൂട് ഓസീസ് ബൗളര്‍മാര്‍ ഉടനൊന്നും മറക്കാനിടയില്ല. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ആടിത്തകര്‍ത്തപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത് 481 എന്ന കൂറ്റന്‍ സ്‌കോര്‍. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍. മറുപടി ബാറ്റിംഗില്‍ ഓസീസ് 239 റണ്‍സിന് പുറത്തായപ്പോള്‍ വഴങ്ങിയത് 242 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. ജയത്തോട പരമ്പരയില്‍ ഇംഗ്ലണ്ട് 3-0 ന് മുന്നിലെത്തി. സ്കോര്‍: ഇംഗ്ലണ്ട് 50 ഓവറില്‍ ആറിന് 481; ഓസീസ് 37 ഓവറില്‍ 239 ന് പുറത്ത്.

ജോണി ബെയര്‍സ്‌റ്റോ (92 പന്തില്‍ 139), അലക്‌സ് ഹെയില്‍സ് (92 പന്തില്‍ 147) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളും ജേസണ്‍ റോയ് (61 പന്തില്‍ 82), ഇയാന്‍ മോര്‍ഗന്‍ (30 പന്തില്‍ 67) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുമാണ് ഇംഗ്ലണ്ടിന് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ബൗള്‍ ചെയ്യാനുള്ള തീരുമാനം മുതല്‍ ഓസീസിന് തിരിച്ചടിയായിരുന്നു. ഒന്നാം വിക്കറ്റില്‍ റോയിയും ബെയര്‍സ്‌റ്റോയും 159 റണ്‍സ് ചേര്‍ത്തു. 61 പന്തില്‍ ഏഴ് ഫോറുകളും നാല് സിക്‌സറുകളും ഉള്‍പ്പെടെ 82 റണ്‍സുമായി റോയ് മടങ്ങി. പകരമെത്തിയത് ഹെയില്‍സ്. റോയ് നിര്‍ത്തിയിടത്ത് ഹെയില്‍സ് തുടങ്ങി. ബെയര്‍സ്‌റ്റോയും ഹെയില്‍സും രണ്ടാം വിക്കറ്റില്‍ ചേര്‍ത്തത് 151 റണ്‍സ്. 92 പന്തില്‍ 139 റണ്‍സുമായി ബെയര്‍‌സ്റ്റോ പുറത്ത്. 15 ഫോറുകളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെട്ട ഇന്നിംഗ്‌സ്. ജോസ് ബട്ട്‌ലര്‍ (11) പെട്ടെന്ന് പുറത്തായെങ്കിലും പകരമെത്തിയ മോര്‍ഗന്‍ ആഞ്ഞടിച്ചു. ഹെയില്‍സും മോര്‍ഗനും നാലാം വിക്കറ്റില്‍ 114 റണ്‍സ് ചേര്‍ത്തു. 59 പന്തിലായിരുന്നു ഇത്. 16 ഫോറുകളും അഞ്ച് സിക്‌സറും ഉള്‍പ്പെടെ 147 റണ്‍സുമായി ഹെയില്‍സ് മടങ്ങി.

ഓസീസ് ബൗളര്‍മാരെല്ലാം ശരിക്കും തല്ലുവാങ്ങിക്കൂട്ടി. അന്‍ഡ്രൂ ടൈ ഒന്‍പത് ഓവറില്‍ നൂറും സ്‌റ്റോയിനിസ് എട്ടോവറില്‍ 85 ഉം റിച്ചാഡ്‌സണ്‍ പത്തോവറില്‍ 92 ഉം റണ്‍സ് വഴങ്ങി.

മറുപടി ബാറ്റിംഗില്‍ 51 റണ്‍സെടുത്ത ട്രാവിസ് ഹെഡിനും 44 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസിനും മാത്രമെ പിടിച്ച് നില്‍ക്കാനായുള്ളൂ. 37 ഓവറില്‍ 239 റണ്‍സിന് ഓസീസ് പുറത്തായി. നാലുവിക്കറ്റ് വീഴ്ത്തിയ ആദില്‍ റഷീദും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റുമാണ് ഓസീസിനെ തകര്‍ത്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top