മുറിവുണക്കാന്‍ ബ്രസീല്‍, ചാമ്പ്യന്‍മാരുടെ പെരുമയില്‍ ജര്‍മനി

മോസ്‌കോ: ലോകകപ്പിലെ നാലാം ദിനമായ ഇന്ന് രണ്ട് വമ്പന്‍മാര്‍ കളത്തിലിറങ്ങുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയും അഞ്ച് തവണ ചാമ്പ്യന്‍മാരായ ബ്രസീലും. മെക്‌സിക്കോയാണ് ജര്‍മനിയുടെ എതിരാളികള്‍. ബ്രസീലിന് സ്വിറ്റ്‌സര്‍ലന്റും. മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്ക സെര്‍ബിയയെ നേരിടും.

നാലുവര്‍ഷം മുന്‍പ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് സെമിയില്‍ നേരിട്ട ദുരന്തഓര്‍മകള്‍ ഇന്നും വിട്ടുമാറിയിട്ടില്ല കാനറികളെ. നാട്ടില്‍ കിരീടപ്രതീക്ഷയുമായി സെമിയിലിറങ്ങിയ മഞ്ഞക്കിളികളെ ഒന്നിനെതിരെ ഏഴുഗോളുകള്‍ക്കാണ് ചാമ്പ്യന്‍പട്ടമണിഞ്ഞ ജര്‍മനി തകര്‍ത്തത്. സൂപ്പര്‍താരം നെയ്മര്‍ പരുക്കിനെ തുടര്‍ന്ന് വിട്ടുനിന്നതാണ് ഈ വമ്പന്‍ തോല്‍വിക്ക് കാരണമെന്ന് ബ്രസീല്‍ ആരാധകര്‍ ഇന്നും ഉറച്ച് വിശ്വസിക്കുന്നു. ആ മുറിവില്‍ പുരട്ടാന്‍ കിരീടമെന്ന മരുന്നല്ലാതെ മറ്റൊന്നും കാനറികള്‍ക്ക് മുന്നിലില്ല. ആ സാന്ത്വനമരുന്നിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമാണ് റഷ്യയില്‍ ഇന്ന് കുറിക്കുന്നത്. എതിരാളികള്‍ സ്വിറ്റ്‌സര്‍ലന്റാണ്. ഇന്ത്യന്‍ സമയം രാത്രി 11.30 ന് റോസ്‌തോവ് അരീനയിലാണ് മത്സരം. കോസ്‌റ്റോറിക്ക, സെര്‍ബിയ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് ഇയില്‍ ഒന്നാമതായി മുന്നേറാനാകും ബ്രസീലിന്റെ ലക്ഷ്യം.

ലുഷ്നിക്കി സ്റ്റേഡിയം

നെയ്മര്‍ തന്നെയാണ് ബ്രസീലിന്റെ തുറുപ്പുചീട്ട്. ടിറ്റെ എന്ന പുതിയ പരിശീലകന് കീഴില്‍ ടീം രൂപപ്പെട്ടിരിക്കുന്നു. ഗബ്രിയേല്‍ ജീസസ്, ഫിലിപ് കുട്ടീന്യോ, വില്യന്‍, മാഴ്‌സലോ, പൗളീന്യോ, തിയാഗോ സില്‍വ എന്നിവരടങ്ങുന്ന സംഘം കരുത്തിന്റെ പര്യായം തന്നെ. എന്നാല്‍ എതിരാളികളെ വിലകുറച്ച് കണ്ടാല്‍ ഐസ്‌ലന്റിനെതിരെ അര്‍ജന്റീനയ്ക്ക് സംഭവിച്ചത് ആവര്‍ത്തിച്ചേക്കാം, എത് വമ്പനും.

കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ജര്‍മനിക്കും ഇത് നിര്‍ണായക മത്സരമാണ്. ഒന്നാം നമ്പര്‍ ഗോളി മാനുവല്‍ ന്യൂയര്‍ തിരിച്ചെത്തിയത് ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതേസമയം, മെസ്യൂട്ട് ഓസിലിന്റെ പരുക്ക് ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. തോമസ് മുള്ളര്‍, തിമോ വെര്‍ണര്‍, മരിയോ ഗോമസ്, ടോണി ക്രൂസ് എന്നിവരുടെ നിരയെ മറികടക്കാന്‍ മെക്‌സിക്കോയ്ക്ക് ഏറ് പണിപ്പെടേണ്ടി വരും. എഫ് ഗ്രൂപ്പിലെ ഈ പോരാട്ടം ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലാണ്.

ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കോസ്റ്ററിക്ക സെര്‍ബിയയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്ക് സമരാ അരീനയിലാണ് മത്സരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top