ഉമ്മന്‍ ചാണ്ടിക്ക് വലുത് ഗ്രൂപ്പ്, എതിര്‍ക്കുന്നവരെ വെട്ടിനിരത്തും: ആഞ്ഞടിച്ച് കുര്യന്‍


ദില്ലി: രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയ സംഭവത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് പിജെ കുര്യന്‍ രംഗത്ത്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത് തന്നെയും പിസി ചാക്കോയെയും വെട്ടിനിരത്താനാണെന്ന് കുര്യന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണ്, എതിര്‍ക്കുന്നവരെ വെട്ടിവീഴ്ത്തും. കുര്യന്‍ ആഞ്ഞടിച്ചു. കഴിഞ്ഞ ദിവസം വിഎം സുധീരനും ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

1981 ല്‍ തനിക്ക് ആദ്യമായി രാജ്യസഭാ സീറ്റ് നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന അവകാശവാദം തെറ്റാണ്. അന്ന് സീറ്റ് ലഭിച്ചത് ഉമ്മന്‍ ചാണ്ടിയോ, ആര്യാടന്‍ മുഹമ്മദോ പറഞ്ഞിട്ടല്ല. അന്ന് തന്റെ പേര് മുന്നോട്ട് വച്ചത് വയലാര്‍ രവിയായിരുന്നു. അതിനെ എകെ ആന്റണി പിന്താങ്ങി. 2012 ല്‍ ഞാന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ആകുമെന്ന് ഉറപ്പായപ്പോള്‍ മലബാറിലെ മുസ്‌ലിം പ്രാതിനിധ്യം ഉയര്‍ത്തി വെട്ടാന്‍നോക്കി. ഉമ്മന്‍ ചാണ്ടിയുടെ ആ നിലപാട് ആത്മാര്‍ത്ഥമായിരുന്നില്ല. കാരണം അതിന് മുന്‍പും ശേഷവും ആ വാദം ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയിട്ടില്ല.

ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണ്. തന്നെ എതിര്‍ക്കുന്നവരെ ഉമ്മന്‍ ചാണ്ടി വെട്ടിവീഴ്ത്തും. ഇപ്പോള്‍ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് എന്നെയും പിസി ചാക്കോയെയും ഒതുക്കാനാണ്. സീറ്റ് വിട്ടുനല്‍കിയത് ആര്‍ക്കെങ്കിലും ഗുണം ചെയ്യുമെങ്കില്‍ അത് ബിജെപിക്ക് ആയിരിക്കും. ഈ തീരുമാനം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കും. സീറ്റ് കുര്യന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ജനകീയനാണ്, അത് സമ്മതിക്കുന്നു. എന്നാല്‍ ഇതേ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നേരിട്ട മൂന്ന് തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ നോക്കണം. രണ്ടെണ്ണത്തില്‍ തോറ്റപ്പോള്‍ വെറും രണ്ട് സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് ഭരണം കിട്ടിയത്. ഞാന്‍ ജനകീയനൊന്നുമല്ല. എന്നാല്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാറുണ്ട്. 1980 ല്‍ മാവേലിക്കരയില്‍ മത്സരിക്കുമ്പോള്‍ അത് എല്‍ഡിഎഫ് മണ്ഡലമായിരുന്നു. അവിടെ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ചു.

എന്നെ സീറ്റ് മോഹിയെന്ന് ഉമ്മന്‍ ചാണ്ടിയുടെ അനുയായികള്‍ വിമര്‍ശിച്ചത് വേദനിപ്പിച്ചു. വിവാദങ്ങളില്‍ രമേശ് ചെന്നിത്തല വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി വിളിച്ചില്ല. ഉമ്മന്‍ ചാണ്ടി മാപ്പ് പറയണമെന്നല്ല, പക്ഷെ ഇത്രയും കാലം ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടും ഒന്ന് വിളിച്ച് ചോദിക്കാനുള്ള സാമാന്യമര്യാദ കാണിച്ചില്ല. യുവ എംഎല്‍എമാര്‍ അധിക്ഷേപിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു.

ചില സഹായങ്ങള്‍ ചെയ്തു എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് വേദനിപ്പിച്ചു. ആ സഹായം എന്താണെന്ന് ഉമ്മന്‍ ചാണ്ടി പറയണം. വ്യക്തിപരമായി പറയാന്‍ പറ്റാത്ത ഒരാവശ്യവും അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. സുധീരനെ പോലെ ഞാനും ഗ്രൂപ്പിന് പുറത്താണ്. പണ്ട് എ ഗ്രൂപ്പിലായിരുന്നു. അന്ന് ഗ്രൂപ്പിനുള്ളില്‍ ഒതുക്കാന്‍ ശ്രമിച്ചു. ഗ്രൂപ്പില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒതുക്കാന്‍ ശ്രമിച്ചു. എകെ ആന്റണിയുടെ തണലിലാണ് ഉമ്മന്‍ ചാണ്ടി പല സ്ഥാനങ്ങളും നേടിയത്.

കെപിസിസി യോഗത്തില്‍ തന്നെ വിമര്‍ശിച്ച പിസി വിഷ്ണുനാഥിനും കുര്യന്‍ മറുപടി നല്‍കി. യോഗത്തില്‍ താന്‍ ജനകീയനായ നേതാവല്ലെന്ന് പറഞ്ഞ യുവ നേതാവ് യൂണിറ്റ് കമ്മറ്റിയില്‍ നിന്ന് നേരെ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ ആയ വ്യക്തിയാണ്. രണ്ട് തവണ ചെങ്ങന്നൂരില്‍ മത്സരിച്ച യുവ നേതാവ് പിന്നീട് സീറ്റ് സിപിഐഎമ്മിന് അടിയറവച്ചു.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ബിജെപിക്ക് അനുകൂലമായ തീരുമാനം എടുത്തു എന്ന ആരോപണം നിഷേധിക്കുന്നു. ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. കുര്യന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top