വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയുമെന്ന് മുഖ്യമന്ത്രി

കൊച്ചി: വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടത്തില്‍ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ എന്നീ നദികളിലും ഉപനദികളിലുമാണ് ഗോവയില്‍ ‘ബന്ധാര’ എന്ന് വിളിക്കുന്ന ജലസംഭരണിയുണ്ടാക്കാന്‍ തീരുമാനിച്ചത്.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കുമെന്നാണ് കണക്ക്. വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ സാങ്കേതിക സമിതിയെ ജലവിഭവ വകുപ്പ് നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഗോവന്‍ മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഹരിതകേരളമിഷനുമായി സഹകരിച്ച് ജലവിഭവവകുപ്പാണ് ഇതു നടപ്പാക്കുക. കേരളത്തിലെ നദികളില്‍ പണിയുന്ന റഗുലേറ്ററിന്റെ ലളിതവും ചെലവു കുറഞ്ഞതും എളുപ്പം പ്രവര്‍ത്തിപ്പിക്കാവുന്നതുമായ മാതൃകയാണ് ഗോവന്‍ ബന്ധാരകളെന്ന് പറയാം. ഗോവയില്‍ നാനൂറിലധികം ബന്ധാരകള്‍ ഉപയോഗത്തിലുണ്ട്.

നദിയില്‍ കുറുകെ രണ്ടുമീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചശേഷം ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്‍പി) കൊണ്ട് ഷട്ടര്‍ ഇടുകയാണ് ചെയ്യുന്നത്. നദിയുടെ താഴ്ചക്കനുസരിച്ച് നാലോ അഞ്ചോ കീലോമീറ്റര്‍ ഇടവിട്ട് ബന്ധാര പണിയും. മഴക്കാലം കഴിയുന്ന ഉടനെ എല്ലാ ഷട്ടറുകളും ഇട്ട് പൂര്‍ണ ഉയരത്തില്‍ വെള്ളം സംഭരിക്കും. ജലനിരപ്പ് കുറയുന്നതനുസരിച്ച് ഷട്ടറുകള്‍ ഓരോന്നായി മാറ്റി വെള്ളം നിയന്ത്രിതമായി ഒഴുക്കി വിടും. മഴ തുടങ്ങിയാല്‍ ഷട്ടറുകള്‍ പൂര്‍ണമായി തുറക്കും. അതിനാല്‍ മഴക്കാലത്ത് നദികളില്‍ സ്വാഭാവികമായ ഒഴുക്കുണ്ടാകും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മത്സ്യസമ്പത്ത് സംരക്ഷിക്കാനും അതുമൂലം കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top