പളനിസ്വാമി സര്‍ക്കാരിന് അഗ്നിപരീക്ഷ; എംഎല്‍എമാരെ അയോഗ്യരാക്കിയ ഹര്‍ജിയില്‍ വിധി ഇന്ന്

ടിടിവി ദിനകരന്‍‌, എടപ്പാടി പളനിസ്വാമി

ചെന്നൈ: തമിഴ്‌നാട്ടില്‍ ടിടിവി ദിനകരന്‍ പക്ഷത്തേക്ക് മാറിയ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടിക്ക് എതിരെ നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോടതി വിധി പറയുക. നടപടി കോടതി റദ്ദാക്കിയാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. അതിനാല്‍ തന്നെ കോടതി വിധി പളനിസ്വാമി സര്‍ക്കാരിന് നിര്‍ണായകമാണ്.

സ്പീക്കറുടെ നടപടി കോടതി ശരിവച്ചാല്‍ എംഎല്‍എമാര്‍ പിന്നീട് സുപ്രിം കോടതിയെ സമീപിക്കാനാണ് സാധ്യത. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നേരിടാനാണ് തീരുമാനമെങ്കില്‍ അത് അണ്ണാ ഡിഎംകെയ്ക്ക് ഭീഷണിയാണ് ഉയര്‍ത്തുക. ഉപതെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും പ്രതിപക്ഷം നേടിയാല്‍ സര്‍ക്കാരിനെ  താഴെ വീഴ്ത്താന്‍ അവര്‍ക്കാകും.

2017 സെപ്തംബറിലാണ് 18 എംഎല്‍എമാര്‍ ചേര്‍ന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ മാറ്റണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. തുടര്‍ന്ന് സ്പീക്കര്‍ പി ധനപാലന്‍ എംഎല്‍എമാരെ അയോഗ്യരാക്കുകയായിരുന്നു.  ദിനകരപക്ഷത്തെ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ ദിനകരപക്ഷത്തിന്റെ അംഗബലം മൂന്നായി ചുരുങ്ങി.

എംഎല്‍എമാരായ തങ്ക തമിള്‍സെല്‍വന്‍, ആര്‍ മുരുഗന്‍, ചോ മാരിയപ്പന്‍ കെന്നഡി, കെ കാത്തികാമു, സി ജയന്തി പത്മനാഭന്‍, പി പളനിയപ്പന്‍, വി സെന്തില്‍ ബാലാജി, എസ് മുത്തയ്യ, പി വെട്രിവേല്‍, എന്‍ജി പാര്‍ത്ഥിപന്‍, എം കോതണ്ടപാണി, ടിഎ ഇളുമലൈ, എം രംഗസ്വാമി, ആര്‍ തങ്കദുരൈ, ആര്‍ ബാലസുബ്രഹ്മണി, എസ്ജി സുബ്രഹ്മണ്യന്‍, ആര്‍ സുന്ദരരാജ്, കെ ഉമാ മഹേശ്വരി എന്നിവരെയാണ് അയോഗ്യരാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top