special page

ലോകകപ്പിനിറങ്ങുന്ന സ്പാനിഷ് ടീമിന്റെ പുതിയ കോച്ചായി ഫെര്‍ണാണ്ടോ ഹെയ്‌റോയെ നിയമിച്ചു

ഫെര്‍ണാണ്ടോ ഹെയ്‌റോ

ബാഴ്‌സിലോണ: പുറത്താക്കപ്പെട്ട ദേശീയ ഫുട്‌ബോള്‍ ടീം മുഖ്യപരിശീലകന്‍ ജൂലന്‍ ലോപെട്ഗൂയിക്ക് പകരം   ഫെര്‍ണാണ്ടോ ഹെയ്‌റോയെ  സ്‌പെയിന്‍ ഫുട്‌ബോള്‍ കോച്ചായി നിയമിച്ചു. റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സ്പാനിഷ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ടീം കോച്ച് ജൂലന്‍ ലോപെട്ഗൂയിയെ പുറത്താക്കുന്നതായി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ ഫെര്‍ണാണ്ടോ ഹെയ്‌റോയെ ഇപ്പോള്‍ റഷ്യയിലുള്ള ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചതായി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു. 2014-15 കാലഘട്ടത്തില്‍  റയല്‍ മാഡ്രിഡിന്റെ സഹപരിശീലകനായും 2016-17 ല്‍ സ്‌പെയിന്‍ സെഗുണ്ട ലീഗിലെ ക്ലബായ  റയല്‍ ഒവീഡോ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായും ഹെയ്‌റോ പ്രവര്‍ത്തിച്ചിരുന്നു.   നിലവില്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയാണ് ഫെര്‍ണാണ്ടോ ഹെയ്‌റോ.

51 കാരനായ ജൂലന്‍ ലോപെട്ഗൂയിയെ സിനഡില്‍ സിദാന് പിന്‍ഗാമിയായി റയല്‍ മാഡ്രിഡിന്റെ കോച്ചായി ക്ലബ് അധികൃതര്‍ നിയമിച്ചിരുന്നു. ലോകകപ്പ് പൂര്‍ത്തിയായാലുടന്‍ ടീമിനെ പരിശീലിപ്പിക്കുന്ന ചുമതല ലോപെട്ഗൂയി ഏറ്റെടുക്കുമെന്നും ടീം മാനേജ്‌മെന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ലോപെട്ഗൂയിയെ മാറ്റാന്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചത്.

ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ റയലിന്റെ പരിശീലകസ്ഥാനമേറ്റെടുക്കാന്‍ ലോപെട്ഗുയി തീരുമാനിച്ചതില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റൂയിസ് ലൂബിയസിന് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോപെട്ഗുയിയെ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയതും ഫെര്‍ണാണ്ടോ ഹെയ്‌റോയ്ക്ക് ചുമതല നല്‍കിയതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top