സിപിഐഎമ്മിനെ വിമര്‍ശിച്ച് ജീവനൊടുക്കാന്‍ കായലില്‍ ചാടിയ പ്രാദേശിക നേതാവിനായി തെരച്ചില്‍ തുടരുന്നു

വികെ കൃഷ്ണന്‍

കൊച്ചി: സിപിഐഎം പ്രാദേശിക നേതൃത്വത്തില്‍ നിന്ന് കടുത്ത പീഡനമേല്‍ക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം ഓടുന്ന ബോട്ടില്‍ നിന്ന് കായലില്‍ ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനായി തെരച്ചില്‍ തുടരുന്നു.

ഇന്നലെ രാത്രി ഏഴരയോടെയാണ് എളങ്കുന്നപ്പുഴ  പഞ്ചായത്ത് മെമ്പറും മുന്‍ പ്രസിഡന്റുമായ  വികെ കൃഷ്ണന്‍ (74)  വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള ഫെറി ബോട്ടില്‍ നിന്ന്‌  കായലിലേക്ക് ചാടിയത്. സഹയാത്രികനായ ഒരാളെ ആത്മഹത്യക്കുറിപ്പ് ഏല്‍പ്പിച്ചശേഷമാണ് കൃഷ്ണന്‍ കായലിലേക്ക് ചാടിയത്. കാര്യങ്ങള്‍ വ്യക്തമാക്കിയില്ലെങ്കില്‍ തന്റെ മരണത്തെ മറ്റ് രീതിയില്‍ വ്യാഖ്യാനിക്കുമെന്നതുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് എഴുതുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

തന്നെ പാര്‍ട്ടിയില്‍ നിന്ന് പുകച്ചുപുറത്തുചാടിക്കാന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ നീക്കം നടക്കുകയാണെന്ന് കത്തില്‍ പറയുന്നു. കുറച്ചുനാളുകളായി കൃഷ്ണന്‍ പ്രാദേശികനേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു.

എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്ണന് പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടു മാസം മുന്‍പ് അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടമായിരുന്നു. നിലവില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച വൈകിട്ടത്തെ പഞ്ചായത്ത് കമ്മിറ്റിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് വൈപ്പിനില്‍ നിന്നുള്ള ബോട്ടില്‍ കയറി കായലിലേക്ക് ചാടിയത്.

അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കം നടക്കുന്നതറിഞ്ഞ് മനംനൊന്താണ് കൃഷ്ണന്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top