ആറടി മണ്ണില്‍ ബിഎംഡബ്യൂ കാറില്‍ ആഘോഷമായൊരു ശവമടക്ക്; പിതാവിന് നല്‍കിയ വാക്ക് പാലിച്ചതിന്റെ സന്തോഷത്തില്‍ ഒരു മകന്‍

സ്വന്തം ശവമടക്ക് ആഘോഷമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ചിലര്‍. നാട്ടുകാരെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ആര്‍ഭാടമായൊരു ശവമടക്ക്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റെ് എന്ന ചിത്രത്തില്‍ തനിക്ക് പത്മശ്രീ ലഭിച്ച ശേഷം തന്റെ ശവമടക്ക് സ്വപ്‌നം കണ്ട് നിര്‍വൃതിയടയുന്ന പ്രാഞ്ചിയേട്ടനെ കാണിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഈമയൗ എന്ന ചിത്രത്തില്‍ അപ്പന്റെ ശവമടക്ക് ആഘോഷമായി നടത്തിക്കോളാം എന്ന് വാക്ക് നല്‍കുന്ന ഈശി എന്ന നായകനുണ്ട്.

അതുപോലെ ശവമടക്ക് കെങ്കേമമാക്കിക്കോളാം എന്ന് ജീവിച്ചിരുന്നപ്പോള്‍ സ്വന്തം അപ്പന് വാക്കുനല്‍കിയൊരാളാണ് നൈജീരിയയിലെ അനംബ്ര സ്വദേശി അസൂബിക് എന്ന യുവാവ്. ഒടുവില്‍ അച്ഛന്‍ മരിച്ചപ്പോള്‍ അസൂബിക് നല്‍കിയ യാത്രയയപ്പാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.

അല്‍പം വിലകൂടിയെ പെട്ടിയില്‍ ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ മെത്രാനച്ചന്റെ ആശിര്‍വാദത്തില്‍ ശവമടക്ക് നടത്തുകയല്ല അസൂബിക് ചെയ്തത്. പകരം ഒരു രാജകീയ യാത്രയയപ്പ് തന്നെ നല്‍കി. പെട്ടിക്ക് പകരം നല്ലൊന്നാന്തരം ബിഎംഡബ്യൂ കാര്‍. പിതാവിന്റെ ശവമടക്കിനായി പുതിയൊരു ബിഎംഡബ്ല്യൂ വാങ്ങുകയായിരുന്നു അസൂബിക്.

ഒടുവില്‍ ആറടി മണ്ണിന്റെ ആഴത്തില്‍ കുറച്ചധികം വീതിയില്‍ ഭൗതിക ദേഹം കാറില്‍ കിടത്തി മറവു ചെയ്തു. നാട്ടുകാര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ പിതാവിന് യാത്രയയപ്പ് നല്‍കിയപ്പോള്‍ തന്റെ പിതാവിന് നല്‍കിയ വാക്ക് പാലിച്ച സന്തോഷത്തിലാണ് അസൂബിക്. ആഡംബരമായ ഈ ശവമടക്കിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഉടന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

വാര്‍ത്ത വൈറലായതോടെ വ്യത്യസ്ഥ അഭിപ്രായങ്ങളും തേടിയെത്തി. പിതാവിന് നല്‍കിയ വാക്ക് പാലിച്ച മകന്‍ തന്റെ കടമ നിറവേറ്റി എന്നും അച്ഛനെ ഏറെ സ്‌നേഹിക്കുന്ന മകന്‍ എന്നുമൊക്കെ അഭിനന്ദിച്ച് ചിലര്‍ വന്നപ്പോള്‍ പണം ധൂര്‍ത്തടിച്ചതില്‍ വിമര്‍ശനവുമായി മറ്റ് ചിലരും രംഗത്തെത്തി. ഇഹിയാല ഗ്രാമത്തില്‍ ഇപ്പോഴും പട്ടിണി കിടക്കുന്ന നിരവധിയാളുകളുള്ളപ്പോള്‍ ഇങ്ങനെ പണം ചിലവഴിച്ചത് തെറ്റായിപ്പോയെന്ന് ചിലര്‍ വാദിച്ചു. ഈ പണം കൊണ്ട് പാവങ്ങള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാമായിരുന്നുവെന്നും അഭിപ്രായങ്ങള്‍ വന്നു. വിമര്‍ശനങ്ങളും ആരോപണങ്ങളും വര്‍ദ്ധിക്കുമ്പോഴും താന്‍ പിതാവിന് നല്‍കിയ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിലാണ് അസൂബിക്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top