സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു; കോഴിക്കോട് മലപ്പുറം ജില്ലയിലെ സ്‌ക്കൂളുകള്‍ ഇന്ന് തുറക്കും

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു. നിപ ആശങ്കകള്‍ അവസാനിച്ച സാഹചര്യത്തില്‍ കോഴിക്കോട് മലപ്പുറം ജില്ലയിലെ സ്‌ക്കൂളുകള്‍ ഇന്ന് തുറക്കും. നിപ വൈസിനെ തുടര്‍ന്ന് ഇരു ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

അതിനാല്‍ ഇത്തവണ വേനല്‍ അവധിയും കഴിഞ്ഞ് അധികമായി കിട്ടിയ പതിനൊന്ന് ദിവസത്തെ അവധിക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌ക്കൂളില്‍ എത്തുന്നത്. ജില്ലയിലെ സ്‌ക്കൂളുകളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. അതീവജാഗ്രതാ നിര്‍ദേശത്തിന് അയവു വരുത്തുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിപ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഇന്ന് മുതല്‍ ജില്ലയില്‍ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.

മെയ് 30 ന് ശേഷം ആരിലും നിപ സ്ഥിരീകരിക്കാത്തതിനാല്‍ വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. കോഴിക്കോട് ജില്ലയെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാണെന്നും ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശത്തിന് അയവു വരുത്തുകയാണെന്നും കെകെ ശൈലജ പറഞ്ഞു.

വൈറസ് ബാധിച്ച 18 പേരില്‍ രണ്ടു പേര്‍ക്ക് അസുഖം പൂര്‍ണ്ണമായും മാറിയിട്ടുണ്ട്. മലപ്പുറം സ്വദേശിയെ ജൂണ്‍ 14 ന് വിട്ടയയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജാഗ്രതയുടെ ഭാഗമായി ഇന്‍ക്യൂബേഷന്‍ പിരീഡ് 42 ദിവസം കൂടി നീട്ടിയിട്ടുണ്ട്. ആദ്യകേസിലെ നിരീക്ഷണപട്ടിക അവസാനിച്ചു. 1,430 പേരാണ് ഇപ്പോള്‍ നിരീക്ഷണ പട്ടികയില്‍ ഉള്ളത്. ജൂണ്‍ 12 ന് ഇത് 892 ആയി കുറയുമെന്നും മന്ത്രി വ്യക്തമാക്കി.

ജൂണ്‍ 14ന് ജില്ലയിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും യോഗം നടത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പഞ്ചായത്ത് തലത്തിലും യോഗം നടക്കും. അതേസമയം, കേന്ദ്രസംഘങ്ങള്‍ രോഗബാധയുണ്ടായ സ്ഥലങ്ങളില്‍ പരിശോധന തുടരുകയാണ്. ഇതോടൊപ്പം നിപയുടെ ഉറവിടം അന്വേഷിക്കുന്ന സംഘവും രോഗനിയന്ത്രണം ലക്ഷ്യമിട്ടുള്ള സംഘവും കോഴിക്കോട് ക്യാമ്പ് തുടരുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top