‘ഞങ്ങളെ വിശ്വസിച്ചതിന് പ്രോത്സാഹിപ്പിച്ചതിന് നന്ദി..!’ ഈ ജയം ആരാധകര്‍ക്കുള്ളതാണെന്ന് സുനില്‍ ഛേത്രി

മുംബൈ: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് വിജയം ആരാധകര്‍ക്ക് സമ്മാനിച്ച് നായകന്‍ സുനില്‍ ഛേത്രി. ഞങ്ങളെ വിശ്വസിച്ച, പ്രോത്സാഹിപ്പിച്ച ആരാധകര്‍ക്ക് ഈ വിജയം സമ്മാനിക്കുന്നുവെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. ഫൈനലില്‍ കെനിയയെ തകര്‍ത്തതിന് തൊട്ടുപിന്നാലെയായിരുന്നു ഛേത്രിയുടെ ട്വീറ്റ്.

നന്ദി ഇന്ത്യ! ഈ വിജയം ഞങ്ങളെ വിശ്വസിച്ച, ഞങ്ങള്‍ക്ക് വേണ്ടി ആര്‍പ്പുവിളിച്ച, വീട്ടിലിരുന്ന് കൈയ്യടിച്ച ആരാധകര്‍ക്കുള്ളതാണ്. കളിക്കാരും സ്റ്റാഫുകളും ഒരുമിച്ച് നിന്നു. ഇത് സന്തോഷിക്കാനുള്ള സമയമാണ്. നമ്മള്‍ വീണ്ടും ഒത്തുചേരും, കാരണം മുന്നോട്ടുള്ള പാത വളരെ ദൈര്‍ഘ്യമേറിയതാണ്, ഛേത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ കെനിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഇരട്ടഗോളുകള്‍ നേടിയ സുനില്‍ ഛേത്രി തന്നെയായിരുന്നു കളിയിലെ താരവും. കളി തുടങ്ങി പത്തുമിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്നു. അനിരുദ്ധ് താപ്പ തൊടുത്ത ഫ്രീ കിക്ക് ഛേത്രി അനായാസം വലയിലെത്തിച്ചു. അരമണിക്കൂര്‍ തികയും മുമ്പെ മത്സരത്തിലെ രണ്ടാമത്തെയും ഇന്ത്യന്‍ കുപ്പായത്തിലെ 64-ാമത്തെയും ഗോള്‍ ഛേത്രി സ്വന്തം പേരില്‍ കുറിച്ചു. ഇതോടെ നിലവില്‍ കളിക്കുന്നവരില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്കൊപ്പമെത്താനും ഛേത്രിക്ക് സാധിച്ചു. 81 ഗോളുകളുമായി ക്രിസ്റ്റ്യാനോയാണ് ഒന്നാമത്.

കെനിയ, ചൈനീസ് തായ്‌പേയ്, ന്യൂസിലന്‍ഡ് ടീമുകളുള്‍പ്പെട്ട ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ടൂര്‍ണമെന്റില്‍ ആധികാരികമായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ആദ്യ മത്സരത്തില്‍ തായ്‌പേയിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ രണ്ടാം മത്സരത്തില്‍ കെനിയയോട് 3-0 ത്തിന്റെ വിജയം സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റൈന്റെ കുട്ടികള്‍ സ്വന്തമാക്കി. ബെഞ്ച് താരങ്ങള്‍ക്ക് അവസരം നല്‍കിയ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും മികച്ച കളിതന്നെ ഇന്ത്യ പുറത്തെടുത്തു.

അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് സ്വന്തമാക്കാനായത് ആത്മവിശ്വാസം നല്‍കും. മിന്നും ഫോമിലുള്ള നായകന്‍ സുനില്‍ ഛേത്രിക്കൊപ്പം, സന്ദേശ് ജിങ്കനും, അനസ് എടത്തൊടികയും ഉള്‍പ്പെടുന്ന പ്രതിരോധവും, ഗോള്‍കീപ്പര്‍ ഗുര്‍പ്രിത് സിംഗ് സന്ധുവിന്റെ മികച്ച പ്രകടനവും ഇന്ത്യന്‍ ടീമിന്റെ ഭാവി പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top