കെപിസിസിയുടെ നിര്‍ണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; രാജ്യസഭാ സീറ്റ് വിവാദം യോഗത്തെ പ്രക്ഷുബ്ദമാക്കും; ഉമ്മന്‍ചാണ്ടി പങ്കെടുത്തേക്കില്ല; കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി നേതാക്കള്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി പരസ്യവാക്പോര് തുടരുന്നതിനിടെ കെപിസിസിയുടെ നിര്‍ണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിന് ഇന്ദിരാഭവനില്‍ നടക്കുന്ന യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തേക്കില്ല. രാഷ്ട്രീയ കാര്യ സമിതിയില്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുന്ന ചര്ച്ചകളൊന്നുമുണ്ടാകില്ലെന്ന പ്രസ്ഥാവനയുമായി ജോസഫ് വാഴയ്ക്കന് ഉള്‍പ്പെടെയുള്ള നേതാക്കളും രംഗത്ത് വന്നു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയടക്കം മാറ്റി നിര്‍ത്തി രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമാകും ഇന്നു ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ നടക്കുക എന്നാണ് സൂചന. നേതൃത്വത്തിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ത്തിവര്‍ ഒരുമിച്ചു ചേരുന്നുവെന്നതും പ്രത്യേകതയാണ്. വിഷയത്തില്‍ ഇന്നലെയും പ്രതിഷേധം തുറന്നു പറഞ്ഞ വിഎം സുധീരന് വിട്ടുവീഴ്ചയ്ക്കു തയാറല്ല.

പിജെ കുര്യന്, പിസി ചാക്കോ, ഷാനിമോള്‍ ഉസ്മാന് എന്നിവര്‍ യോഗത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ്. നേരത്തെ പരസ്യ പ്രതികരണങ്ങളില്‍ നിന്നും വിട്ടു നിന്നവരും ഇന്ന് നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നേക്കും. അതിനിടെ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെ ഇന്ദിരാഭവന് മുന്നില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമാണെന്നും ഒറ്റുകാരും കള്ളന്മാരും തങ്ങളെ നയിക്കേണ്ടെന്നും പോസ്റ്ററുകളിലുണ്ട്.
രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിസ്ഥാനത്തുള്ള ഉമ്മന്‍ചാണ്ടി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാനിടിയില്ല. എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ഉമ്മന്‍ചാണ്ടി ഇന്ന് ആദ്യമായാണ് ചുമതലയുള്ള ആന്ധ്രയിലേക്ക് എത്തുന്നത്. നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നേരത്തേ തീരുമാനിച്ചിരുന്നതിനാലാണ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി നിര്‍ത്തി ഉമ്മന്‍ചാണ്ടി ആന്ധ്രയ്ക്കു മടങ്ങുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക