ഛേത്രിക്ക് ഇരട്ട ഗോള്‍; ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ട് ഇന്ത്യ

മുംബൈ: നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ടഗോളുകളുടെ മികവില്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ട് ഇന്ത്യ. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.

കെനിയക്കെതിരെ പ്രാഥമിക റൗണ്ടില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് എതിര്‍വല കുലുക്കാന്‍ അധികം കാത്തുനിക്കേണ്ടി വന്നില്ല. കളി തുടങ്ങി പത്തുമിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്നു. അനിരുദ്ധ് താപ്പ തൊടുത്ത ഫ്രീ കിക്ക് ഛേത്രി അനായാസം വലയിലെത്തിച്ചു.

ആദ്യപകുതിയില്‍ ഇന്ത്യ പൂര്‍ണ്ണമായും ആധിപത്യം നേടുന്ന കാഴ്ചയായിരുന്നു പിന്നീട് കാണാനായത്. അരമണിക്കൂര്‍ കഴിയും മുമ്പെ മത്സരത്തിലെ രണ്ടാമത്തെയും ഇന്ത്യന്‍ കുപ്പായത്തിലെ 64-ാമത്തെയും ഗോള്‍ ഛേത്രി സ്വന്തം പേരില്‍ കുറിച്ചു. 64 ഗോളുകളുമായി നിലിവില്‍ കളിക്കുന്നവരില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്കൊപ്പമെത്തി സുനില്‍ ഛേത്രി. 81 ഗോളുകളുമായി ക്രിസ്റ്റ്യാനോയാണ് ഒന്നാമത്.

ഛേത്രിക്ക് പുറമെ സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക എന്നിവരുള്‍പ്പെടുന്ന ഇന്ത്യയുടെ പ്രതിരോധവും, ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. രണ്ടാം പകുതിയില്‍ കെനിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ഇതോടെ നിറഞ്ഞ ഗ്യാലറികള്‍ക്ക് മുന്‍പില്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റൈന്റെ കുട്ടികള്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പുയര്‍ത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top