നടി ശ്വേത മേനോന് ഭീഷണി; സംഭവം ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെ

മുംബൈ: താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തുവെന്ന സന്ദേശത്തിന് പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി. തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി മുംബൈയിലെ സൈബര്‍ സെല്ലില്‍ ശ്വേതാ പരാതി നല്‍കി.

‘ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് എക്‌സിക്യൂട്ടീവ് മെമ്പറാണെന്ന വിവരം തന്നെ വിളിച്ചറിയിച്ചത്. ഇന്ന് 10 മണിയോടെയാണ് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നത്. നിങ്ങളുടെ ഇന്‍ഡസ്ട്രി നിങ്ങളെ ചതിക്കും എന്നായിരുന്നു സന്ദേശം. പിന്നീട് ഫോണ്‍വെക്കുകയും ചെയ്തു. കോള്‍ കട്ടായതാണെന്ന് കരുതി താന്‍ തിരിച്ചുവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല’, ശ്വേത വ്യക്തമാക്കി.

തന്റെ രണ്ട് നമ്പറിലേക്കും കോള്‍ വന്നിരുന്നുവെന്നും, എല്ലാ വിവരങ്ങളും അറിയുന്ന ആള്‍ തന്നെയാണ് ഇതിന് പിന്നിലെന്നും ശ്വേത സംശയം പ്രകടിപ്പിച്ചു. നിലവില്‍ മുംബൈയിലാണ് ശ്വേതാ മേനോന്‍. അമേരിക്കയില്‍ നിന്ന് 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്വേത മുംബൈയിലെത്തിയത്. അമ്മയില്‍ എക്‌സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നടന്‍ മോഹന്‍ ലാല്‍ പ്രസിഡന്റായ അമ്മയുടെ പുതിയ ഭരണസമിതി ജൂണ്‍ 24 നാണ് ചുമതലയേല്‍ക്കുന്നത്. ശ്വേതാ മേനോനെ കൂടാതെ ഹണി റോസ്, രചന നാരായണന്‍ കുട്ടി, മുത്തുമണി എന്നിവരാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് നടിമാര്‍. ജൂണ്‍ 14 ന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ കമ്മറ്റിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top