ചാറ്റും ചാറ്റ് റൂമുകളും ‘അതിനപ്പുറവും’ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ പരിചയപ്പെടുത്തിയ യാഹൂ മെസ്സെഞ്ചര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു


കടലാസില്‍ എഴുതി സന്ദേശം കൈമാറിയിരുന്ന മനുഷ്യനെ കീബോര്‍ഡില്‍ സമയം ചെലവിടാന്‍ പഠിപ്പിച്ചത് ഇമെയിലല്ല, അത് യാഹൂ മെസഞ്ചറാണ്. ഇന്നത്തെ ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെയും വാട്‌സാപ്പിന്റെയുമെല്ലാം പൂര്‍വികന്‍. എന്നാല്‍ പകരം വയ്ക്കാനാകാത്ത സേവനങ്ങള്‍ നല്‍കിയ ചെറിയ ആപ്ലിക്കേഷന്‍. ഇപ്പോള്‍ യാഹൂതന്നെ മെസഞ്ചറിനെ പിന്‍വലിക്കുകയാണ്.

ഇന്ന് കമ്പ്യൂട്ടര്‍-ഇന്റര്‍നെറ്റ് ബന്ധമുള്ള എല്ലാ ജോലികളും ചെയ്യുന്ന പ്രവൃത്തി പരിചയമുളള ഒരു തലമുറയുടെ ഓണ്‍ലൈന്‍ ഗൃഹാതുരത്വമാണ് യാഹൂ മെസ്സഞ്ചര്‍. ചാറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നതും ചാറ്റ് റൂമുകളിലെ സുഹൃത്തുക്കളും വിദേശ ചാറ്റിംഗുകളിലെ ഇംഗ്ലീഷ് പഠനവും ശ്ലീലവും അശ്ലീലവുമായ മെസ്സേജുകളുടെ തിരിച്ചറിയലുകളും മനസിലാക്കലുകളുമെല്ലാം സാധ്യമാക്കിയത് മെസ്സഞ്ചറായിരുന്നു.

പുതിയ കാലത്ത് യാഹൂ മെസഞ്ചറിന്റെ സാംഗത്യമില്ലായ്മതന്നെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. യാഹൂവിന്റെ സ്വന്തം സ്‌ക്വിറലിന് നേട്ടമുണ്ടാക്കാനും തീരുമാനം ഉപകരിക്കും. സ്‌ക്വിറല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റാ വെര്‍ഷനിലാണ് ഇപ്പോഴുള്ളത്. ഗൂഗിള്‍ ടോക്ക് വളരെക്കാലം പിടിച്ചുനില്‍ക്കുകയും പിന്നീട് ഹാംഗൗട്ട് ആയി മാറുകയും ചെയ്തിട്ടും മെസ്സഞ്ചറിന് ഐഒഎസ് ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഇറക്കാന്‍ കമ്പനി തയാറായിരുന്നില്ല.

പതിറ്റാണ്ടുകള്‍ക്ക് മുന്നേ വീഡിയോ കോള്‍ ചെയ്യാന്‍ മെസ്സഞ്ചര്‍ സൗകര്യമൊരുക്കി. ഇന്നും വീഡിയോ കോള്‍ ഒരു ആഢംബരമല്ലാതായി മാറിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ബിഎസ്എന്‍എല്‍ തരുന്ന 40കെബി വേഗതയുള്ള ഇന്റര്‍നെറ്റിന് പോലും ചേരുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഈ ചെറു ആപ്ലിക്കേഷന്‍ പുതുതലമുറയ്ക്ക് അന്യമാണ്. എത്ര ചാറ്റിഗ് ആപ്പുകള്‍ ഇനി എത്തിയാലും മെസ്സഞ്ചറിന്റെ തട്ട് താണുതന്നെയിരിക്കുമെന്നുറപ്പ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top