രജനീകാന്തിന്റെ പരാമര്‍ശം വേദനിപ്പിച്ചു; ‘കാല’ കര്‍ണാടകയില്‍ നിരോധിക്കരുതെന്ന് പ്രകാശ് രാജ്

ബംഗളുരു: കാവേരി നദീ ജല തര്‍ക്കത്തില്‍ രജനീകാന്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ പുതിയ സിനിമയായ കാലയ്ക്ക് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനെതിരെ നടന്‍ പ്രകാശ് രാജ്. കാവേരി വിഷയത്തില്‍ രജനീകാന്തിന്റെ പരാമര്‍ശം വേദനിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമയ്ക്ക് കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തരുത് എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.

കാല എങ്ങനെയാണ് കാവേരി വിഷയത്തിന്റെ ഭാഗമാവുക. കര്‍ണാകയിലെ ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ വിലയ്ക്കാന്‍ ആര്‍ക്കാണ് അധികാരം എന്നും പ്രകാശ് രാജ് ചോദിച്ചു. മനുഷ്യനും ജലവും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമാണ് ഉള്ളത്. അതിനാല്‍ കാവേരി വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ വൈകാരികമാകും. വൈകാരികമാകുന്നത് കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെയും സംബന്ധിച്ച് ശരിയായ കാര്യമാണ്. കാവേരി വിഷയത്തില്‍ ഒരു പരിഹാരം കണ്ടെത്തണം. എന്നാല്‍ പരസ്പരം വൈകാരികമായതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ല എന്നും പ്രകാശ് രാജ് പറഞ്ഞു.

ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഗോവിന്ദാണ് നിര്‍ദ്ദേശം നല്‍കിയത്. കാവേരി വിഷയത്തില്‍ രജനിയുടെ പരാമര്‍ശത്തില്‍ കര്‍ണാടകയിലെ ജനത നിരാശരാണെന്നും അതുകൊണ്ട് തന്നെ കാല സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്നും ഗോവിന്ദ് അറിയിച്ചിരുന്നു. ചിത്രം റിലീസ് ചെയ്യരുതെന്ന് കാട്ടി വിവിധ സംഘടനകളുടെ പത്തോളം കത്തുകളാണ് ലഭിച്ചതെന്നും ജനങ്ങളുടെ വികാരം പരിഗണിച്ച് കാല പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top