നിപ രോഗം പരത്തിയത് വവ്വാലുകളല്ലെന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് അധികൃതര്‍

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കേരളത്തില്‍ ഭീതിപടര്‍ത്തി പടര്‍ന്നുപിടിച്ച നിപ വൈറസ് വാഹകരായത് വവ്വാലുകളല്ലെന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. കോഴിക്കോട് പേരാമ്പ്ര ഭാഗത്ത് നിന്ന് പിടികൂടി ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി)ലേക്ക് പരിശോനയ്ക്കായി അയച്ച വവ്വാലുകളുടെ രണ്ടാം സാമ്പിളിന്റെ പരിശോധനയുടെ ഫലവും നെഗറ്റീവായിരുന്നു. ഇതേതുടര്‍ന്ന് നിപ വൈറസിന് കാരണമായത് വവ്വാലുകളല്ലെന്ന് പ്രചാരണം വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. രണ്ട് സാമ്പിളുകളിലും ഫലം നെഗറ്റീവായെങ്കിലും നിപ വാഹകര്‍ വവ്വാലുകളല്ലെന്ന് പറയാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്.

കഴിഞ്ഞദിവസം, പനിബാധിച്ച് ഒരുകുടുംബത്തിലെ മൂ​ന്നു​പേ​ര്‍ മ​രി​ച്ച പേ​രാ​​മ്പ്ര പ​ന്തി​രി​ക്ക​ര സൂ​പ്പി​ക്ക​ട​യി​ലെ വ​ള​ച്ചു​കെ​ട്ടി​യി​ൽ വീടിന്റെ പിന്‍ഭാഗത്തെ കാടുപടിച്ചുകിടന്ന സ്ഥലത്ത് നിന്ന് പിടികൂടിയ വവ്വാല്‍ സാമ്പിളുകളാണ് എ​ന്‍​ഐ​എ​സ്എ​ച്ച്എ​ഡിലേക്ക് പരിശോനയ്ക്കായി കൊണ്ടുപോയത്. നേരത്തെ വളച്ചുകെട്ടിയില്‍ വീട്ടിലെ കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകളുടെ രക്തമടക്കമുള്ള സ്രവങ്ങള്‍ പരിശോധനയ്ക്കായി ഭോപാലിലേക്ക് അയച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. അതേസമയം, കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകള്‍ ഷഡ്പദങ്ങളെ ഭക്ഷിക്കുന്നവയാണെന്നും ഇത്തരം വവ്വാലുകളില്‍ നിന്നല്ല, കായ്കനികള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് പകരുന്നതെന്നും നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വളച്ചുകെട്ടില്‍ വീടിന് സമീപത്തെ പഴംതീനി വവ്വാലിനെ പിടികൂടി ഭോപാലിലേക്ക് കൊണ്ടുപോയത്. പ​ഴം​തീ​നി വ​വ്വാ​ലി​ന്‍റെ വി​സ​ര്‍​ജ്യ​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടുപോയിരുന്നു. രണ്ടാം വട്ട പരിശോധനയിലും ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് വവ്വാലുകളല്ലെ വൈറസ് വാഹകരെന്ന് പ്രചാരണം വന്നത്.

എന്നാല്‍ വവ്വാലുകള്‍ തന്നെയാണ് നിപ വൈറസ് വാഹകരെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പിടികൂടി പരിശോധനയ്ക്ക് അയച്ച 13 സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടില്ലെന്നതിനാല്‍ വവ്വാലുകളല്ല നിപ വൈറസ് വാഹകരെന്ന് പറയാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. വവ്വാലുകളില്‍ കൂടി മാത്രമേ നിപ രോഗത്തിന് കാരണമായ വൈറസ് പരക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രി കെകെ ശൈലജയും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കൂടുതല്‍ വവ്വാലുകളെ പിടികൂടി പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് ഇനി അയക്കേണ്ടെന്ന നിലപാടിലാണ് അധികൃതര്‍. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പാണ് തീരുമാനമെടുത്തത്. പരിശോധിച്ച വവ്വാലുകളിലും വൈറസ് സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തിലാണിത്. നിപ്പാ വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ സമയമെടുക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

പേ​രാ​​മ്പ്ര പ​ന്തി​രി​ക്ക​ര സൂ​പ്പി​ക്ക​ട​യി​ലെ ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടിലെ മൂന്നുപേര്‍ക്ക് നിപ ബാധിച്ചതാണ് സംസ്ഥാനത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്നാണ് ഈ വീടിന്റെ പരിസരത്തുള്ള വവ്വാലുകളാണ് രോഗം പരത്തിയതെന്ന് സംശയിക്കപ്പെട്ടത്.

വളച്ചുകെട്ടി വീട്ടിലെ  മൂസയുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് മുന്നോടിയായി മൂസയും മക്കളായ സാബിത്തും സാലിഹും കൂടി ഇവിടുത്തെ വീട്ടുവളപ്പിലുള്ള കിണര്‍ വൃത്തിയാക്കിയിരുന്നു. ഈ കിണറ്റില്‍ നിരവധി വവ്വാലുകള്‍ ആവസിച്ചിരുന്നു. പിന്നീട് ഈ മാസം അഞ്ചിന് സാബിത്ത് പനി ബാധിച്ച് മരിക്കുകയും പത്ത് ദിവസത്തിനുശേഷം സാലിഹിനും തുടര്‍ന്ന് പിതാവ് മൂസയ്ക്കും പനി പിടിപെടുകയുമായിരുന്നു. മൂസയുടെ സഹോദര ഭാര്യ മറിയത്തിനും പിനി പിടിപെട്ടിരുന്നു.

സാലിഹ് ഈ മാസം 18ന് മരിച്ചു. പിന്നാലെ 19 ന് മറിയവും മരിച്ചു. ഇതോടെയാണ് നിപ വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് മൂസയും മക്കളും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കിയ വിവരം വ്യക്തമായതും കിണര്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതും. തുടര്‍ന്ന് കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തുകയും ഇവയുടെ രക്തം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. കിണര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മണ്ണിട്ടു മൂടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വവ്വാലുകള്‍ ആണ് നിപ വൈറസ് പരത്തിയതെന്ന് വ്യാപകമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.  രോഗം ഗുരുതരാവസ്ഥയിലായി ചികിത്സയിലായിരുന്ന മൂസയും മരണത്തിന് കീഴടങ്ങിയിരുന്നു. മൂസയുടെ മകന്‍ സാബിത്തിന്റെ മരണം നിപ വൈറസ് മൂലമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനാല്‍ നിപ മൂലമാണ് മരണമെന്ന് സ്ഥിരീകരിക്കപ്പെട്ടില്ല. മൂസയെ കൂടാതെ രണ്ട് മക്കളും സഹോദരഭാര്യയുമാണ് വളച്ചുകെട്ടി വീട്ടില്‍ ഒരു മാസത്തിനിടെ മരിച്ചത്.

ഇതേതുടര്‍ന്നാണ് ഈ വീടിന്റെ പരിസരസപ്രദേശത്തതുള്ള വവ്വാലുകളാകും വൈറസ് ബാധയ്ക്ക് പിന്നിലെന്ന സംശയമുയര്‍ന്നത്. ഇതിനാലാണ് ഇവിടെ നിന്ന് ആദ്യം ഷഡ്പദങ്ങലെ ഭക്ഷിക്കുന്ന വവ്വാലുകളെയും പിന്നീട് കായ്കനികള്‍ ഭക്ഷിക്കുന്ന വവ്വാലുകളെയും പരിശോധിക്കാന്‍ തീരുമാനിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top