മണിക്കൂറില്‍ 70 കിലോമീറ്ററിലധികം വേഗതയില്‍ കുതിക്കാം; ആതര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ അഞ്ചിന് വിപണിയിലെത്തും

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നവകാശപ്പെട്ട് പുറത്തിറങ്ങാനൊരുങ്ങുകയാണ് ആതര്‍ എനര്‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍. കമ്പനിയുടെ ആദ്യമോഡല്‍ ആതര്‍ 340 പുറത്തുവരുന്നത് ജൂണ്‍ അഞ്ചിനാണ്. മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍നിന്ന് നിരവധി വ്യത്യസ്തതകള്‍ ആര്‍തറിനുണ്ട്.

ആന്‍ഡ്രോയ്ഡ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ടച്ച് സ്‌ക്രീന്‍ സ്‌കൂട്ടറിന്റെ വലിയ പ്രത്യേകതകളിലൊന്നായിരിക്കും. ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയും പാര്‍ക്കിംഗ് അസിസ്റ്റ് സിസ്റ്റവും ഉണ്ടാകും. പല ഡ്രൈവിംഗ് മോഡുകളാണ് മറ്റൊരു പ്രത്യേകത.

50,000 കിലോമീറ്റര്‍ ആയുസുള്ള ഉഗ്രന്‍ ബാറ്ററിയാണ് ആതറിന്റെ ജീവന്‍. 50 മിനുട്ട് ചാര്‍ജ്ജ് ചെയ്താല്‍ 80 ശതമാനം ബാറ്ററി നിറയും. മണിക്കൂറില്‍ പരമാവധി 72 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ആതര്‍ 340ന് സാധിക്കും. അഞ്ചുസെക്കന്റുകൊണ്ട് പൂജ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ വേഗതയിലെത്തും.

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. മുന്നില്‍ ടെലസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്ക് സസ്‌പെന്‍ഷനുമുണ്ട്. ഒരുലക്ഷം രൂപയായിരിക്കും തുടക്കവില എന്നാണ് സൂചനകള്‍.

കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ച് രണ്ടുവര്‍ഷത്തിനുശേഷമാണ് ആതര്‍ സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുന്നത്. ബംഗളുരു ആസ്ഥാനമായ കമ്പനി ബംഗളുരുവില്‍ത്തന്നെയാണ് ആദ്യം സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുക. അടുത്ത ഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളിലും സ്‌കൂട്ടറെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top