തൂത്തുക്കുടി വെടിവയ്പ്പിനെ ന്യായീകരിച്ച് രജനികാന്ത്, സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് സൂപ്പര്‍താരം

രജനികാന്ത് ആശുപത്രിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനി വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പൊലീസ് നടപടിയെ ന്യായീകരിച്ച് തമിഴ്‌സൂപ്പര്‍താരം രജനികാന്ത്. സാമൂഹ്യവിരുദ്ധശക്തികളാണ് കലാപത്തിന് പിന്നിലെന്നും ഇത്തരത്തിലുള്ളവരെ ശക്തമായിതന്നെ നേരിടണമെന്നും സൂപ്പര്‍താരം പറഞ്ഞു.

വ്യാപകമായ പരിസരമലിനീകരണം നടത്തുന്നതിന്റെ പേരില്‍ തൂത്തുക്കുടിയില്‍ ചെമ്പ് കമ്പനികള്‍ക്കെതിരേ പ്രദേശവാസികള്‍ ശക്തമായ സമരത്തിലായിരുന്നു. ഈ പ്രതിഷേധമാണ് ഈ മാസം 22 ന് സംഘര്‍ഷത്തിലും പൊലീസ് വെടിവയ്പ്പിലും കലാശിച്ചത്. പൊലീസ് വെടിവയ്പ്പില്‍ സ്ത്രികളും കുട്ടികളും അടക്കം 13 പേര്‍ ആണ് മരിച്ചത്.

സംഘര്‍ഷത്തിലും പൊലീസ് വെടിവയ്പ്പിലും പരുക്കേറ്റ് തൂതുത്തുക്കുടി മെഡിക്കല്‍ കോളെജില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷമാണ് രജനിയുടെ വിവാദ പരാര്‍ശമുണ്ടായത്. ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയതോതിലുള്ള പിന്തുണയാണ് ലഭിച്ചത്. തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ വിവിധ പ്ലാന്റുകളില്‍ നിന്ന് ഉയരുന്ന വിഷപുകയും മാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും മറ്റും കാരണമാകുന്നുണ്ടെന്ന് ദീര്‍ഘനാളായി പ്രദേശവാസികള്‍ പരാതിപ്പെടുന്നുണ്ട്. പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയത്.

പൊലീസ് നടത്തിയ വെടിവയ്പ്പിനെതിരേ കമല്‍ഹാസനടക്കമുള്ള താരങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു. വിഷയത്തില്‍ രജനി തുടരുന്ന മൗനത്തില്‍ പ്രതിഷേധവുമുണ്ടായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെത്തിയ രജനികാന്ത് സംഘര്‍ഷം സാമൂഹ്യവിരുദ്ധശക്തികള്‍ ആസുത്രണം ചെയ്തതാണെന്ന് പ്രസ്താവിച്ചത്.

ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളെ ഉരുക്കിമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മുന്‍ ജയലളിതയ്ക്കുള്ള കഴിവിനെ സൂപ്പര്‍താരം പ്രകീര്‍ത്തിക്കുകയും ചെയ്തു. ജയലളിതയുടെ ഈ മാതൃക ഇപ്പോഴത്തെ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും രജനി പറഞ്ഞു. ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികളെ എന്തുവിലകൊടുത്തും തകര്‍ക്കണം. ഇവര്‍ തമിഴ്‌നാടിന് ഭീഷണിയാണ് -രജനികാന്ത് വ്യക്തമാക്കി.

പ്രതിഷേധം കലാപത്തിലേക്ക് നയിച്ചത് ആരെന്ന് പൊലീസ് കണ്ടെത്തണം. സിസിടിവി ദൃശ്യമടക്കമുള്ളവ പരിശോധിച്ച് കലാപത്തിന് നേതൃത്വം നല്‍കിയ ദേശവിരുദ്ധശക്തികളെ പൊലീസ് തിരിച്ചറിയണം. ഇവരെ തിരിച്ചറിഞ്ഞ് ഇവരുടെ ചിത്രങ്ങള്‍ പത്രങ്ങളിലും ടെലിവിഷനിലും പ്രസിദ്ധീകരിക്കണം. കര്‍ശനമായ ശിക്ഷയും ഇവര്‍ക്ക് നല്‍കണം -രജനികാന്ത് ആവശ്യപ്പെട്ടു.

സ്റ്റെര്‍ലൈറ്റ് കമ്പനി അന്തരീക്ഷ മലിനീകരണം നടത്തുന്നതിനെതിരേ കോടതിയെ സമീപിച്ച് കമ്പനി എന്നേക്കും അടച്ചുപൂട്ടാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. വെടിവയ്പ്പില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡിഎംകെ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത് അടക്കമുള്ള പ്രതിഷേധപരിപാടികളെകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എല്ലാത്തിനെയും രാഷ്ട്രീയമായി കാണരുതെന്നായിരുന്നു സൂപ്പര്‍താരത്തിന്റെ മറുപടി. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അവര്‍ കൃത്യമായ രീതിയില്‍ തന്നെ പ്രതികരിക്കും. വെടിവയ്പ്പിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി രാജിവയ്ക്കണമെന്ന ആവശ്യമുയരുന്നതിനെകുറിച്ച് ചോദിച്ചപ്പോള്‍ എല്ലാപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം മുഖ്യമന്ത്രിയുടെ രാജിയല്ലെന്നായിരുന്നു രജനികാന്തിന്റെ മറുപടി.

സൂപ്പര്‍താരം രജനികാന്ത് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച് സജീവരാഷ്ട്രീയത്തിലേക്ക് കടന്നിരുന്നു. ഇതേതുടര്‍ന്ന് കാവേരി വിഷയത്തിലടക്കം രജനികാന്തിന്റെ നിലപാടിനെതിരേ ശക്തമായി വിമര്‍ശനങ്ങളാണുയര്‍ന്നത്. ഇതിനിടെയാണ് തൂത്തുക്കൂടി വെടിവയ്പ്പില്‍ പൊലീസിനെ ന്യായീകരിച്ചുള്ള രജനിയുടെ വിവാദപ്രസ്താവനയുണ്ടായിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top