സുപ്രിം കോടതി പുറത്താക്കിയ കരുണ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും തിരിച്ചടി

കരുണ മെഡിക്കല്‍ കോളെജ്

ദില്ലി: സുപ്രിം കോടതി പുറത്താക്കിയ കരുണ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 14 വിദ്യാര്‍ത്ഥികളാണ് സുപ്രിം കോടതിയെ സമീപിച്ചത്.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ അവധിക്കാലബെഞ്ച് വ്യക്തമാക്കി.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥി പ്രവേശനം സാധുവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനനന്‍സ് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ റിട്ട് ഹര്‍ജിക്ക് ഒപ്പം വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയും പരിഗണിക്കാന്‍ സുപ്രിം കോടതിയുടെ അവധിക്കാലബെഞ്ച് ഉത്തരവിട്ടു.

2016-17 അധ്യയനവര്‍ഷം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് ഏപ്രില്‍ അഞ്ചിനാണ് സുപ്രിം കോടതി ഉത്തരവിട്ടത്. പ്രവേശനം ക്രമപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. വിധി വരുന്നതിന് തലേദിവസം ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കുകയും ഗവര്‍ണറുടെ അനുമതിക്കായി അയക്കുകയും ചെയ്തു. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഏഴിന് ഗവര്‍ണര്‍ പി സദാശിവം ബില്‍ മടക്കി അയക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top