ഐസിസി ലോക ഇലവനില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം മുഹമ്മദ് ഷമി കളിക്കും

മുഹമ്മദ് ഷമി

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഐസിസി ലോക ഇലവനില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം മുഹമ്മദ് ഷമി കളിക്കും. വൈറല്‍ പനി ബാധിച്ചതാണ് ഹാര്‍ദ്ദികിന് വിനയായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കാണ് ടീമില്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യന്‍ താരം. ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗനാണ് ലോക ഇലവനെ നയിക്കുന്നത്.

ചുഴലിക്കാറ്റില്‍ തകര്‍ന്ന കരീബിയന്‍ ദ്വീപുകളിലെ സ്റ്റേഡിയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ട്വന്റി20 മത്സരം മെയ് 31ന് ലോര്‍ഡ്സില്‍ വെച്ചാണ് നടക്കുന്നത്. കാര്‍ത്തിക്കിനും ഷമിക്കും പുറമെ ഷാഹിദ് അഫ്രിദി, ഷൊയ്ബ് മാലിക്(പാകിസ്താന്‍), തമീം ഇക്ബാല്‍(ബംഗ്ലാദേശ്), സന്ദീപ് ലാമിച്ചാനെ(നേപ്പാള്‍), ആദില്‍ റാഷിദ്(ഇംഗ്ലണ്ട്) എന്നിവരും ശ്രീലങ്കയില്‍ നിന്ന് തിസാര പെരേരയും അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും ലോക ഇലവനില്‍ അണിനിരക്കും. പരുക്കേറ്റ അഫ്രിദി കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതേസമയം കാര്‍ലോസ് ബ്രാത്വെയ്റ്റ് നയിക്കുന്ന വിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയില്‍, ആന്ദ്രെ റസ്സല്‍, ഇ ലൂയിസ്, മര്‍ലോണ്‍ സാമുവല്‍ തുടങ്ങി വെടിക്കെട്ട് ബാറ്റ്സ്മാന്‍മാര്‍ ഉള്‍പ്പെടുന്നു. മത്സരത്തില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഐസിസിയുടെ നേതൃത്വത്തിലാണ് മത്സരം നടക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top