നിവിന്‍ പോളി ചിത്രത്തിന് ശേഷം ലാല്‍ ചിത്രമെന്ന് മേജര്‍ രവി

മേജര്‍ രവി

നിവിന്‍ പോളിയെ നായകനാക്കി താന്‍ ചെയ്യുന്ന ചിത്രത്തിനു ശേഷമായിരിക്കും മോഹന്‍ലാലിനെ നായകനാക്കി സംവിധാനംചെയ്യുന്ന ചിത്രം ആരംഭിക്കുകയെന്ന് സംവിധായകന്‍ മേജര്‍ രവി. മോഹന്‍ലാലിനെ നായകനാക്കി ആറാം തമ്പുരാന്‍ പോലൊരു സിനിമ ആയിരിക്കും താന്‍ ചെയ്യുകയെന്ന് മേജര്‍ രവി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവ് വഴി അറിയിച്ചിരുന്നു. എന്നാല്‍ നിവിനെ നായകനാക്കി ഒരുക്കുന്ന പ്രണയ ചിത്രത്തിനു ശേഷം, അടുത്ത വര്‍ഷമായിരിക്കും മോഹന്‍ലാല്‍ ചിത്രമെന്ന് മേജര്‍ രവി വ്യക്തമാക്കി.

നിര്‍മാതാവായ വിനോദ് ഷൊര്‍ണൂര്‍, ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യമായി നിര്‍മിക്കുന്ന ഈ ചിത്രം മറ്റു സിനിമകളെ പോലെ ഒരു പട്ടാള കഥ ആയിരിക്കില്ല എന്നും പൂര്‍ണമായും ഒരു പ്രണയ ചിത്രമായിരിക്കും എന്നും മേജര്‍ രവി പറഞ്ഞു. മേജര്‍ രവിയുടെ കഥയ്ക്ക്  ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. നിവിന്‍ ചിത്രത്തിന്റെ ക്യാമറ ജോമോന്‍ ടി ജോണ്‍ തന്നെയാണ്. ഒരു പുതുമുഖ നടിയായിരിക്കും ഈ സിനിമയില്‍ നിവിന്റെ നായിക. പഞ്ചാബ്‌, കേരളം തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന് പേര് ഇട്ടിടില്ല.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ഒന്നിക്കുന്ന കുഞ്ഞാലിമരക്കാരിന് ശേഷമായിരിക്കും ലാല്‍ ചിത്രം ആരംഭിക്കുക.  ഇതുവരെ താന്‍ ചെയ്ത ലാല്‍ ചിത്രങ്ങളെക്കാള്‍ വ്യത്യസ്തമായിരിക്കും ഇനി വരുന്ന രണ്ടു ചിത്രങ്ങളെന്നും മേജര്‍ രവി വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top