അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ലെനോവോ; 4ടിബി സ്‌റ്റോറേജ് ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടനെത്തും

ചൈനീസ് ടെക് കമ്പനിയായ ലെനോവോ ചില അത്ഭുതങ്ങള്‍ അണിയറയില്‍ തയാറാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം 14ന് പുറത്തിറങ്ങുന്ന സെഡ്5 (Z5) എന്ന മോഡലാണ് ഇപ്പോള്‍ ടെക് ലോകത്ത് സജീവമായ ചര്‍ച്ചയാകുന്നത്. ഫോണിനുണ്ടായേക്കും എന്ന് കരുതപ്പെടുന്ന ഫീച്ചറുകള്‍ ഇതുവരെയുള്ള എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളേയും കടത്തിവെട്ടും.

4ടിബി സ്‌റ്റോറേജ് കപ്പാസിറ്റിയാണ് ഫോണിന്റെ അതിശയിപ്പിക്കുന്ന ഒരു ഫീച്ചര്‍. നിലവില്‍ 16 ജിബിയോ 32 ജിബിയോ മാത്രം ആന്തരിക സംഭരണ ശേഷിമാത്രമുള്ള ഫോണുകള്‍ ഏവരും ഉപയോഗിക്കുമ്പോഴാണ് ഇത്രയും സംഭരണ ശേഷിയുമായി ഒരു ഫോണെത്തുന്നത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌കുകള്‍ പോലും 4ടിബി ശേഷിയുള്ളവ സാധാരണമല്ല.

45 ദിവസം ഫോണിന് സ്റ്റാന്‍ഡ്‌ബൈ സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 95 ശതമാനവും സ്‌ക്രീനായിരിക്കും ഫോണിനുള്ളത്. നേര്‍ത്ത ബെസലാകും ഫോണിനുള്ളത്. അപ്പോള്‍ ക്യാമറയും സെന്‍സറുകളും എവിടെ ഘടിപ്പിക്കും എന്നതും ടെക് ലോകം ചര്‍ച്ച ചെയ്യുന്നു.

ഇതുവരെ ഫോണിന്റെ പൂര്‍ണമായ ഒരു രൂപം വെളിയില്‍ വന്നിട്ടില്ല. എന്നാല്‍ സ്‌ക്രീന്‍ എങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ചില ചിത്രങ്ങള്‍ കമ്പനിതന്നെ പുറത്തുവിട്ടിരുന്നു. ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം പകരാന്‍തന്നെയാണ് ലെനോവോ മുതിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top