“യുവത്വത്തിന്റെ സാങ്കേതിക മികവിനെ നാടിന്റെ പുരോഗതിക്ക് ഉപയോഗിക്കും”, ഏതാനും മണിക്കൂറുകള്‍കൊണ്ട് ദശലക്ഷം വ്യൂസ് കടന്ന് മാന്‍ഹോള്‍ റോബോട്ട് വീഡിയോ; സര്‍ക്കാറിന്റെ നയം പങ്കുവച്ച് ഫഹദും ടോവിനോയും പാര്‍വതിയും റിമയും


മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനുള്ള റോബോട്ടിക്ക് സംവിധാനത്തെ കുറിച്ച് മുഖ്യമന്ത്രി ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. 20 മണിക്കൂര്‍ കൊണ്ട് 1 ദശലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. റോബോട്ട് വികസിപ്പിച്ച യുവാക്കളുടെ അനുഭവമാണ് വീഡിയോയില്‍ ഉള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്‌സ് ആണ് മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ട് വികസിപ്പിച്ചത്. ഇതിലൂടെ തലസ്ഥാനത്തെ മാന്‍ഹോള്‍ വൃത്തിയാക്കുന്നത് റോബോട്ടുകളിലേക്ക് മാറി തുടങ്ങി. ‘യുവത്വത്തിന്റെ സാങ്കേതിക മികവിനെ നാടിന്റെ പുരോഗതിക്ക് ഉപയോഗിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. നമ്മുടെ യുവത്വത്തിന് സ്വന്തം മണ്ണില്‍ തന്നെ തൊഴിലവസരം ഒരുക്കാന്‍ ലക്ഷ്യമിടുന്നു. ഒപ്പം സാങ്കേതിക വിദ്യയുടെ വരവ് നിലവിലുള്ള തൊഴില്‍ മേഖലയെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നു.’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

നടന്മാരായ ഫഹദ് ഫാസില്‍, ടോവിനോ, പാര്‍വതി, റിമ അടക്കമുള്ള സിനിമ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാറിന്റെ നീക്കം മികച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top