നിപാ വൈറസ്: രോഗികളെ പരിചരിച്ച നഴ്‌സ് മരിച്ചു; മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയില്ല

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപാ വൈറസ് ബാധിച്ചവരെ ചികിത്സിച്ച നഴ്‌സ് മരിച്ചു. ചെമ്പനോട സ്വദേശിയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമായ ലിനിയാണ് മരിച്ചത്. എന്നാല്‍ ലിനിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മൃതദേഹം രാവിലെയോടെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു. വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനാണ് മൃതദേഹം വിട്ടുനല്‍കാതിരുന്നത്.

നിലവില്‍ ഒന്‍പതുപേരാണ് പനി ബാധിച്ച് മരിച്ചിരിക്കുന്നത്. പനി മരണത്തിന് പിന്നില്‍ നിപാ വൈറസ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും എക്‌സൈയ്‌സ് മന്ത്രി ടിപി രാമകൃഷ്ണന്റെയും അധ്യക്ഷതയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഉന്നതതല യോഗം ചേരും. നിപാ വൈറസ് കൂടുതല്‍ ഇടങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പനി മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.

കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം വന്ന റിപ്പോര്‍ട്ടിലാണ് പനിക്ക് കാരണം നിപാവൈറസാണെന്ന് സ്ഥിരീകരിച്ചത്. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി ഇന്നലെ രാത്രിയോടെ മരിച്ചു.

പനി നേരിടാന്‍ സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനതിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ആണ് മെഡിക്കല്‍ ടീമിനെ അയക്കാന്‍ തീരുമാനിച്ചത്. ഒപ്പം ആരോഗ്യമന്ത്രി കെകെ ശൈലജയും ഇന്ന് പനിബാധിത പ്രദേശം സന്ദര്‍ശിക്കും. ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ചവര്‍ ഏറെയും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കഴിഞ്ഞദിവസം ആരോഗ്യ അധികൃതര്‍ നല്‍കിയ ജാഗ്രാതാനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ യുവി ജോസ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top