‘കാസ്റ്റിംഗ് കൗച്ച്’ മലയാള സിനിമയില്‍ എല്ലാക്കാലത്തുമുണ്ടെന്ന് നടന്‍ മധു

മധു

കൊച്ചി: മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് (അവസരങ്ങള്‍ക്കുവേണ്ടി കിടക്ക പങ്കിടേണ്ടിവരുന്ന രീതി) പണ്ടുമുതലേയുള്ളതാണെന്നും മലയാളത്തില്‍ മാത്രമല്ല, എല്ലാഭാഷയിലെയും സിനിമാരംഗത്ത് ഇത് ഉണ്ടായിരുന്നതാണെന്നും നടന്‍ മധു. കൂടുതല്‍ അടുപ്പമുള്ളവരുമായി ഇത്തരം ബന്ധം കൂടുതല്‍ സാധ്യമായതിനാല്‍ അത് നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘റിപ്പോര്‍ട്ടര്‍’ ടിവിയിലെ മീറ്റ് ദ് എഡിറ്റേഴ്‌സില്‍ സംസാരിക്കുകയായിരുന്നു മധു.

ലൈംഗികതാല്‍പര്യത്തോടെയുള്ള ഇത്തരത്തിലുള്ള  ബന്ധങ്ങള്‍ സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലുമുള്ളതാണ്. എല്ലാ സമൂഹത്തിലുമുണ്ടാകും. എന്ന് വച്ച് അത് ആ സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമല്ലല്ലോ. അതുപോലെതന്നെയാണ് സിനിമയിലെ ഇത്തരം ബന്ധങ്ങളുമെന്നും മധു പറഞ്ഞു.

നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും തനിക്കറിയില്ല. അതുകൊണ്ടാണ് അതേക്കുറിച്ച് അഭിപ്രായം പറയാത്തത്. ദിലീപാണ് ആണ് ഇത് ആസുത്രണം ചെയ്തതെന്ന് കരുതുന്നില്ല. കാരണം ബുദ്ധിമാനാണ് ദിലീപ്. ഇത്തരത്തിലുള്ള ഒരു വിഡ്ഢിത്തം ദിലീപ് കാണിക്കുമോ എന്ന് സംശയമാണ്. നടിക്ക് ദുരനുഭവം ഉണ്ടായെന്നത് സത്യമാണ്. ഇതിന് പിന്നില്‍ ദിലീപാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ഞാന്‍ പറയുന്നതെന്നും മധു വ്യക്തമാക്കി.

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ഇന്നസെന്റിന് പകരം മറ്റൊരാള്‍ തന്റെ മനസിലില്ല. ഇന്നസെന്റ് തമാശനടനാണെങ്കിലും നല്ല സംഘാടകനാണ്. എല്ലാവരുമായും നല്ല സുഹൃദ്ബന്ധവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന് മാത്രമേ ഇത്രനല്ല രീതിയില്‍ സംഘടനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്നും മധു ചൂണ്ടിക്കാട്ടി.

മധു പങ്കെടുത്ത ‘മീറ്റ് ദ് എഡിറ്റേഴ്‌സ്’ അടുത്ത ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top