120 എംഎല്‍എമാരുടെ പിന്തുണയുണ്ട്, സഭയില്‍ ഭൂരിപക്ഷം തെളിയിക്കും: ആത്മവിശ്വാസത്തോടെ യെദ്യൂരപ്പയും ബിജെപിയും

ബംഗളുരു: നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും 120 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

നാളെ വൈകിട്ട് നാലുമണിക്ക് സഭയില്‍ വിശ്വാസവോട്ട് തേടണമെന്നാണ് സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ കര്‍ണാടക ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശമായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് നല്‍കിയിരുന്നത്. ഇത് വെട്ടിച്ചുരുക്കിയാണ് നാളെത്തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്വാസവോട്ട് തേടാന്‍ ഏഴ് ദിവസത്തെ സമയം വേണമെന്ന് യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

നിലവില്‍ 104 എംഎല്‍എമാരാണ് ബിജെപിക്ക് ഉള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ 112 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. ഇതിനോടകം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപി പക്ഷത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം. രണ്ട് സ്വതന്ത്രരുടെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നു. അതേസമയം, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം 117 അംഗങ്ങളുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. അവസാന കണക്കുകള്‍ എങ്ങനെയെന്നും ആരുടെ കണക്കുകൂട്ടലുകള്‍ വിജയിക്കുമെന്നും നാളെ നാലുമണിക്ക് വ്യക്തമാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top