ഒരു കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയുടെ ചാക്കിലായി; രാജിവയ്ക്കുകയാണെന്ന് എംഎല്‍എ ആനന്ദ് സിംഗ്

ആനന്ദ് സിംഗ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്‌ക്കൊപ്പം (ഫയല്‍ ചിത്രം)

ബംഗളുരു: കര്‍ണാടകയില്‍ എതിര്‍പക്ഷത്തുള്ള ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ബിജെപി നീക്കം വിജയം കാണുന്നു. കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിംഗ് മറുകണ്ടം ചാടി. വിജയനഗറില്‍ നിന്ന് ജയിച്ച ആനന്ദ് സിംഗ്  രാവിലെ തന്നെ ബിജെപി പാളയത്തില്‍ എത്തിയിരുന്നു.

ഇതിന് പിന്നാലെ വൈകുന്നേരം എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണെന്ന് ആനന്ദ് സിംഗ് അറിയിച്ചു. ഇതോടെ ഒരു എംഎല്‍എയെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു.

എതിര്‍പാളയത്തില്‍ ചേര്‍ന്നാലും പിന്തുണ നല്‍കിയാല്‍ കൂറുമാറ്റനിരോധനത്തിന്റെ പരിധിയില്‍പ്പെട്ട് എംഎല്‍എ സ്ഥാനത്തിന് അയോഗ്യതവരുമെന്നതിനാല്‍ രാജിവച്ച് നിയമസഭയിലെ അംഗബലം കുറയ്ക്കുക എന്ന വഴിയാണ് മറുകണ്ടം ചാടുന്ന എംഎല്‍എമാര്‍ക്ക് മുന്നിലുള്ളത്. അതുവഴി വിശ്വാസവോട്ടെടുപ്പില്‍ പരമാവധി കുറച്ച് എംഎല്‍എമാരുടെ പിന്തുണ ഭരണപക്ഷത്തിന് കാണിച്ചാല്‍ മതിയാകും. ഈ തന്ത്രമാണ് ബിജെപി പയറ്റുന്നത്.

ആനന്ദ് സിംഗിനെ കൂടാതെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ്ഗൗഡ പാട്ടീലും ബിജെപി പാളയത്തിലെത്തിയതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇദ്ദേഹം രാജിവയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല. ഇതുസംബന്ധിച്ച് ബിജെപി നേതൃത്വവുമായി വിലപേശല്‍ നടത്തുകയാണെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

രണ്ട് എംഎല്‍എമാരെ നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസ് – ജനതാദള്‍ എസ് സഖ്യത്തിന് 115 എംഎല്‍എമാരാണ് ഇപ്പോഴുള്ളത്. 224 അംഗ കര്‍ണാടക നിയമസഭയില്‍ വോട്ടെടുപ്പ് നടന്നത് 222 മണ്ഡലങ്ങളിലാണ്. ഈ സാഹചര്യത്തില്‍ സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 112 എംഎല്‍എമാരുടെ പിന്തുണയാണ്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്കുള്ളത് 104 എംഎല്‍എമാരാണ്. ഇരു മുന്നണികളിളും പെടാത്ത രണ്ട് എംഎംഎല്‍എമാരും ഇത്തവണ ജയിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ ബിജെപി പക്ഷത്തെത്തിയിട്ടുണ്ട്. ഇതോടെ ബിജെപിയുടെ അംഗബലം 105 ആയി. ഭൂരിപക്ഷത്തിന് ഏഴുപേരുടെ കുറവ്. ഈ കുറവ് പരിഹരിക്കാന്‍ മറുചേരിയില്‍ നിന്ന് ചാക്കിട്ടുപിടിച്ച് ഏഴുപേരെ ഒപ്പം ചേര്‍ത്താല്‍ കൂറുമാറ്റ നിരോധനനിയമത്തിന്റെ പരിധിയില്‍പ്പെട്ട് ഈ എംഎല്‍എമാര്‍ അയോഗ്യരാകും. ഈ സാഹചര്യത്തില്‍ എതിര്‍ചേരിയില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് അവരെ രാജിവയ്പ്പിക്കുക എന്നതാണ് ബിജെപി പയറ്റുന്ന തന്ത്രം.

11 ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍മാരെയാണ് ബിജെപി ലക്ഷ്യമിടുന്നത്. 11 പേര്‍ രാജിവച്ചാല്‍ നിയസഭാംഗങ്ങളുടെ ആകെ എണ്ണം 211 ആകും. അപ്പോള്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 106 എംഎല്‍എമാരുടെ പിന്തുണ മതിയാകും. ഇപ്പോള്‍ ഒരു സ്വതന്ത്ര എംഎല്‍എ ഒപ്പമുണ്ട്. ഒരാളെക്കൂടി ഒപ്പം കൊണ്ടുവന്നാല്‍ 106 എന്ന ഈ മാന്ത്രിക സംഖ്യ തികയ്ക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ഈ തന്ത്രത്തിലാണ് ഇപ്പോള്‍ ആദ്യം ആനന്ദ് സിംഗ് വീണത്. നേരത്തെ ബിജെപിയിലായിരുന്ന ആനന്ദ് സിംഗ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് കോണ്‍ഗ്രസിലെത്തിയത്. ബിജെപിയുടെ അടുത്ത അനുയായികളും കര്‍ണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരില്‍ പ്രബലരുമായ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്‍മാരുടെ വലംകൈയുമായിരുന്നു ആനന്ദ് സിംഗ്. ബെല്ലാരിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ കോണ്‍ഗ്രസ് സ്വന്തം പാളയത്തിലെത്തി്ച്ചത്. എന്നാല്‍ ഇദ്ദേത്തിനെതിരേയുള്ള ആദായനികുതി കേസുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബിജെപി തങ്ങളുടെ വരുതിയിലാക്കിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top