ബിജെപി റാഞ്ചാതിരിക്കാന്‍ കര്‍ണാടക എംഎല്‍എമാരെ കൊണ്ടുവരുന്നത് കൊച്ചിയിലേക്ക് ?

എംഎല്‍എമാരെ ഇന്നലെ രാജ്ഭവനിലെത്തിച്ചപ്പോള്‍

കൊച്ചി: ബിജെപി പക്ഷം റാഞ്ചാതിരിക്കാന്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരുന്നു. കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്‌തെന്നും എംഎല്‍എമാരെ കേരളത്തിലേക്ക് മാറ്റുകയാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് എംഎല്‍എമാരെ മാറ്റുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലോ ആലപ്പുഴയിലേ ഏതെങ്കിലും റിസോര്‍ട്ടിലേക്കോ കോണ്‍ഗ്രസ്, ദള്‍ എംഎല്‍എമാരെ മാറ്റാനാണ് ശ്രമം.

ആലപ്പുഴ എംപിയും കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിയുമായ കെസി വേണുഗോപാലിന് കര്‍ണാടകയുടെ ചുതമലയാണുള്ളത്. നിയമസഭ തെരഞ്ഞടെപ്പ് പ്രചാരണത്തിന് തന്ത്രങ്ങള്‍ ഒരുക്കുന്നതിന് വേണുഗോപാലും നേതൃത്വം വഹിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപി പക്ഷം റാഞ്ചാതെ തങ്ങളുടെയും സഖ്യകക്ഷിയായ ജനതാദള്‍ എസിലെയും എംഎല്‍എമാരെ സുരക്ഷിത ഇടത്തിലേക്ക് മാറ്റാന്‍ വേണുഗോപാല്‍ കൂടി നേതൃത്വം വഹിച്ചാണ് ആലോചനകള്‍ നടക്കുന്നത്. ഇതേതുടര്‍ന്നാണ് കൊച്ചിയില്‍ വിമാനത്തില്‍ എത്തിച്ച് കൊച്ചിയിലെ ഏതെങ്കിലും ഹോട്ടലിലേക്കോ അല്ലെങ്കില്‍ ആലപ്പുഴയിലെ റിസോര്‍ട്ടിലേക്കോ എംഎല്‍എമാരെ മാറ്റാന്‍ ശ്രമം ആരംഭിച്ചത്. കൊച്ചിയിലെ മരട് ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്കാണ് എംഎല്‍എമാരെ കൊണ്ടുവരുന്നതെന്നും വാര്‍ത്തകളുണ്ട്.

ഇതേസമയം, എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ബാംഗളുരു നഗരപ്രാന്തത്തിലുള്ള രാമനഗര ബിഡാദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള പൊലീസ് കാവല്‍ പിന്‍വലിച്ചു. ഇവിടെയുള്ള പൊലീസുകാര്‍ ഉടന്‍ മാറാനാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഉത്തരവ്. എംഎല്‍എമാരെത്തിയതിന് പിന്നാലെ ഇവിടെ പൊലീസിന്റെ ശക്തമായ കാവല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് പുതിയ മുഖ്യമന്ത്രി യെദ്യൂരപ്പ പിന്‍വലിച്ചത്.

എംഎല്‍എമാരെ പക്ഷം മാറ്റാനുള്ള ശ്രമം പൊലീസ് കാവലില്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് യെദ്യൂരപ്പ ഇവിടെ നിന്ന് പൊലീസിനെ മാറ്റിയത്. ഒരുപക്ഷെ ബലംപ്രയോഗിച്ച് റിസോര്‍ട്ടില്‍ കടന്ന് എംഎല്‍എമാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ വരെയുണ്ടാകും.

ഈ അപകടം മുന്നില്‍ക്കണ്ടാണ് ജെഡിഎസും കോണ്‍ഗ്രസും എംഎല്‍എമാരെ ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. അയല്‍ സംസ്ഥാനമായ തെലുങ്കാനയിലെ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും എംഎല്‍എമാര്‍ക്ക് സുരക്ഷിത താവളം തങ്ങളുടെ സംസ്ഥാനത്ത് ഒരുക്കാമെന്ന് കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങളെ അറിയിച്ചിരുന്നു.

ഇതേതുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍പ്പെടുന്ന ഹൈദരാബാദ്, വിശാഖപട്ടണം എന്നിവടങ്ങളിലേക്ക് എംഎല്‍എമാരെ കൊണ്ടുപോകാനും ആലോചനയുണ്ട്. ഇതുകൂടാതെ പഞ്ചാബ്, ദില്ലി തുടങ്ങിയ സ്ഥലങ്ങളും പരിഗണനയിലുണ്ട്. ബിജെപി ഒഴികെയുള്ള കക്ഷികളുടെ ഭരണം നടക്കുന്ന സംസ്ഥാനങ്ങളായതിനാല്‍ ഇവിടെ എംഎല്‍എമാരെ മറുകണ്ടം ചാടാതെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്, ജനതാദള്‍ നേതൃത്വങ്ങളുടെ കണക്കുകൂട്ടല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top