അധികാരമേറ്റതിന് പിന്നാലെ പൊലീസ് തലപ്പത്ത് യെദ്യൂരപ്പയുടെ അഴിച്ചുപണി; എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ചു

ബിഎസ് യെദ്യൂരപ്പ

ബംഗളുരു: രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഭരണം നിലനിര്‍ത്തുന്നതിനുള്ള കളികള്‍ തുടങ്ങി. രാവിലെ മുഖ്യമന്ത്രി മാത്രമാണ് അധികാരമേറ്റത്. ഇതിന് പിന്നാലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളിയത്.

ഇതിന് പിന്നാലെ സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് മുഖ്യമന്ത്രി അഴിച്ചുപണി നടത്തി. എത്രദിവസമാണ് തന്റെ സര്‍ക്കാരിന് ആയുസുള്ളതെന്ന് ഒരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ ഭരണംനിലനിര്‍ത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് പൊലീസ് തലപ്പത്ത് നടത്തിയ അഴിച്ചുപണി. വേണ്ടപ്പെട്ടവരെ തന്ത്രപ്രധാനസ്ഥാനങ്ങളില്‍ നിയമിച്ചു. ഇതിനൊപ്പം മറ്റൊരു തീരുമാനം കൂടി കൈക്കൊണ്ടു. ബാംഗളുരു നഗരപ്രാന്തത്തിലുള്ള രാമനഗര ബിഡാദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള പൊലീസ് കാവല്‍ പിന്‍വലിച്ചു. ഇവിടെയുള്ള പൊലീസുകാര്‍ ഉടന്‍ മാറാനാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ഈഗിള്‍ടണ്‍ റിസോര്‍ട്ടിലാണ് കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. എംഎല്‍എമാരെത്തിയിതിന് പിന്നാലെ ഇവിടെ പൊലീസിന്റെ ശക്തമായ കാവല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് പുതിയ മുഖ്യമന്ത്രി യെദ്യൂരപ്പ പിന്‍വലിച്ചത്.

എംഎല്‍എമാരെ പക്ഷം മാറ്റാനുള്ള ശ്രമം പൊലീസ് കാവലില്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് യെദ്യൂരപ്പ ഇവിടെ നിന്ന് പൊലീസിനെ മാറ്റിയത്. ഒരുപക്ഷെ ബലംപ്രയോഗിച്ച് റിസോര്‍ട്ടില്‍ കടന്ന് എംഎല്‍എമാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ വരെയുണ്ടാകും.

എതായാലും ഈ അപകടം മുന്നില്‍ക്കണ്ട് ജെഡിഎസും കോണ്‍ഗ്രസും മറുതന്ത്രം ആലോചിക്കുന്നുണ്ട്. ജെഡിഎസ് എംഎല്‍എമാരെ അയല്‍ സംസ്ഥാനമായ കേരളത്തിലേക്കോ തെലുങ്കാനയിലേക്കോ മാറ്റാാനാണ് പദ്ധതി. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും എംഎല്‍എമാര്‍ക്ക് സുരക്ഷിത താവളം തങ്ങളുടെ സംസ്ഥാനത്ത് ഒരുക്കാമെന്ന് കോണ്‍ഗ്രസ്, ജെഡിഎസ് നേതൃതങ്ങളെ അറിയിച്ചിട്ടുണ്ട്. ജെഡിഎസ് എംഎല്‍എമാരെ തെലുങ്കാനയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

കോണ്‍ഗ്രസ് എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് പാര്‍ട്ടി നേതൃത്വം നടത്തുന്നത്. ആലപ്പുഴയിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ കൊണ്ടുവരാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഇന്നു രാത്രി തന്നെ എംഎല്‍എമാരെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്ന് മാറ്റാനാണ് ജെഡിഎസ്-കോണ്‍ഗ്ര് നേതൃത്വങ്ങള്‍ നീക്കം നടത്തുന്നത്. എംഎല്‍എമാരെ കൊച്ചിയിലേക്ക് കൊണ്ടുപോകാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തിയതായും ഇവരെ ഇന്ന് തന്നെ കര്‍ണാടകത്തില്‍ നിന്ന് മാറ്റുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top