ഗുഡ്‌ബൈ റോക്ക; ബംഗളുരു എഫ്‌സി പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക ക്ലബ്ബ് വിടുന്നു

ആല്‍ബര്‍ട്ട് റോക്ക

ബംഗളുരു: ബംഗളുരു എഫ്സിയുടെ മുഖ്യ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടും. ബംഗളുരു എഫ്‌സി തന്നെയാണ് വിവരം പുറത്തുവിട്ടത്. രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിക്കാനിരിക്കെ വ്യക്തിപരമായ കാരണങ്ങളാല്‍ റോക്ക ക്ലബ്ബുമായുള്ള കരാര്‍ പുതുക്കിയിട്ടില്ലെന്ന് ബംഗളുരു എഫ്‌സി വ്യക്തമാക്കി.

സ്പാനിഷ് പ്രതിരോധ താരമായിരുന്ന ആല്‍ബര്‍ട്ട് റോക്ക 2016 ജൂലൈയിലാണ് ബംഗളുരു എഫ്സിയുടെ മുഖ്യപരിശീലകനായി ചുമതലയേല്‍ക്കുന്നത്. റോക്കയുടെ ശിഷ്യണത്തിലാണ് ബംഗളുരു എഎഫ്സി കപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബായതും. 2016-17 സീസണില്‍ ഫെഡറേഷന്‍ കപ്പും റോക്കയുടെ കുട്ടികള്‍ സ്വന്തമാക്കി. ഐഎസ്എല്‍ കിരീടം കൈവിട്ടെങ്കിലും ആധികാരിക ജയത്തോടെ ടീം സൂപ്പര്‍കപ്പ് സ്വന്തമാക്കിയപ്പോള്‍ റോക്ക എന്ന പരിശീലകന്റെ മികവ് വ്യക്തമായിരുന്നു.

മെയ് 31 ന് ക്ലബ്ബുമായുള്ള റോക്കയുടെ കരാര്‍ അവസാനിക്കുന്നതോടെ സ്പെയിനിലേക്ക് തിരിച്ചുപോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കുടുംബത്തിന് മുന്‍ഗണന കൊടുക്കുന്നതിനാലാണ് കരാര്‍ പുതുക്കേണ്ട എന്ന തീരുമാനത്തിലേക്ക് റോക്കയെ എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. ബംഗളുരു എഫ്‌സിയുടെ പരിശീലകനായി ചുമതലയേറ്റശേഷം രണ്ട് വര്‍ഷത്തില്‍ ആകെ രണ്ട് തവണ മാത്രമാണ് അദ്ദേഹം വീട്ടിലേക്ക് പോയത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന ഫുട്ബോള്‍ പരിശീലകനാണ് റോക്ക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top