കര്‍ണാടകയില്‍ യദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണര്‍ക്കെതിരേ കോണ്‍ഗ്രസ്‌

ദില്ലി: കോണ്‍ഗ്രസ് – ജനതാദള്‍ എസ് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ദുരൂഹമാണെന്ന് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നടപടിയില്‍ അസ്വാഭാവിതകയുണ്ടെന്ന് മുന്‍കേന്ദ്രമന്ത്രി പി ചിദംബരം ആരോപിച്ചു. സുപ്രിംകോടതി വിധികളുടെ ലംഘനമാണ് ഗവര്‍ണര്‍ നടത്തിയത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഭരണഘടനാ ലംഘനമാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കര്‍ണാടക ഗവര്‍ണറുടെ നീക്കങ്ങള്‍ നിയമവിരുദ്ധമാണെന്നും കോണ്‍ഗ്രസ് – ജെ.ഡി.എസ് അംഗങ്ങളെ കാണാന്‍ വൈകിപ്പിച്ചതിന് പിന്നില്‍ വന്‍ ദുരൂഹതയുണ്ടെന്നും ചിദംബരം ആരോപിച്ചു. ഉന്നതമായ പദവിയാണ് ഗവര്‍ണര്‍ വഹിക്കുന്നത്. അദ്ദേഹം ഒരിക്കലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പാടില്ല. തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് കോണ്‍ഗ്രസ് ജനതാദള്‍ അംഗങ്ങള്‍ ആവര്‍ത്തിച്ചിട്ടും അത് കേള്‍ക്കാതിരുന്ന ഗവര്‍ണര്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഗവര്‍ണറുടെ ഓഫീസ് നീതിപൂര്‍വം പെരുമാറുമെന്നാണ് കരുതുന്നതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വ്യക്തമാക്കി. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ന് തന്നെ സുപ്രിംകോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ കണ്ട് ഇക്കാര്യത്തില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും മനീഷ് തിവാരി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top