റംസാന്‍ വെടിനിറുത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍

ഫയല്‍ ചിത്രം

ശ്രീനഗര്‍: റംസാന്‍ മാസത്തില്‍ ജമ്മു കശ്‌മീരില്‍ സെെനിക നടപടിയുണ്ടാകരുതെന്ന് സുരക്ഷാ സൈന്യത്തിന് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ ജില്ലയിലെ ജമ്‌നാഗിരിയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സൈനികര്‍ ശക്തമായ തിരിച്ചടി നല്‍കി. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

നേരത്തെ, പുല്‍വാമ ജില്ലയിലെ ത്രാളില്‍ കാട്ടിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയില്‍ ഭീകരരും സൈനികരും പരസ്‌പരം ഏറ്റുമുട്ടുകയും ചെയ്‌തു. പുണ്യമാസത്തില്‍ സൈനിക നടപടി ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

സമാധാനം ഇഷ്​ടപ്പെടുന്ന കശ്​മീരികള്‍ക്ക്​ റംസാന്‍ മാസം സമാധാന അന്തരീക്ഷത്തില്‍ നിറവേറ്റാനാണ് വെടിനിറുത്തല്‍ നടപടിയെന്ന്​ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുന്നതിന് ഇത് ബാധകമല്ലെന്നും ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top