കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചു; സത്യപ്രതിജ്ഞ നാളെ, ഞെട്ടിക്കുന്ന നീക്കവുമായി വാജുഭായി വാല


ബംഗളുരു: ജനാധിപത്യ മതേതര വിശ്വാസികളെ ഞെട്ടിക്കുന്ന നീക്കവുമായി കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല. ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് നാളെരാവിലെ ഒന്‍പതരയ്ക്കുണ്ടാകുമെന്നാണ് വാര്‍ത്തകള്‍.

സംസ്ഥാനത്ത് കേവലഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ഇത്രയും സീറ്റുകള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യനീക്കം തിരക്കിട്ടുണ്ടായത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് പുതിയ നീക്കത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡയയുമായി സഖ്യസര്‍ക്കാരിനെ സംബന്ധിച്ച് ചര്‍ച്ച ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്ന നീക്കമാണ് ഗവര്‍ണറും ബിജെപിയും ചേര്‍ന്ന് നടത്തിയിരിക്കുന്നത്.

നേരത്തെ, ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപിക്കാരനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല മാനദണ്ഡമാക്കിയില്ല. പകരം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും സഭയില്‍ പിന്നീട് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു.

ഗുജറാത്തിലെ മുന്‍ ധനമന്ത്രിയായിരുന്ന വാജുഭായി വാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ്. പിന്നീട് ഗുജറാത്തില്‍ മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം. മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായി വാല ബിജെപിക്ക് അനുകൂലമായ തീരുമാനമായിരിക്കും എടുക്കുകയെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ജനാധിപത്യത്തിലും ഭരണഘടനയിലുമുള്ള വിശ്വാസമാണ് ഇതുവരെ ഏവരേയും പരസ്യ പ്രതികരണത്തില്‍നിന്ന് മാറ്റിനിര്‍ത്തിയത്. എന്നാല്‍ ഗവര്‍ണറും ബിജെപിയും ചേര്‍ന്ന് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള പുറപ്പാടാണെങ്കില്‍ അതില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും ജെഡിഎസും നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top