‘ഇ.മ.യൗ വല്ലാത്തൊരനുഭവമാണ് പകര്‍ന്നുതന്നത്’; സിനിമയുടെ പുതുതുടിപ്പുകള്‍ക്കൊപ്പം സഞ്ചരിക്കുവാന്‍ ലഭിക്കുന്ന ഈ ഭാഗ്യത്തിന് എല്ലാവര്‍ക്കും നന്ദിയെന്ന് ശാരദക്കുട്ടി

ശാരദക്കുട്ടി

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ.മ.യൗ’ എന്ന ചിത്രം വല്ലാത്തൊരനുഭവമാണ് പകര്‍ന്നുതന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഈ.മ.യൗവില്‍ കണ്ട ഓരോ മുഖവും ഓരോ കാഴ്ചയും നമ്മുടെ അന്തരീക്ഷത്തിലാകെ ഗൗരവമുള്ള, നല്ല സിനിമയുടെ വലിയ സാധ്യതകള്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്നും, സിനിമയുടെ പുതു തുടിപ്പുകള്‍ക്കൊപ്പം സഞ്ചരിക്കുവാന്‍ ലഭിക്കുന്ന ഈ ഭാഗ്യത്തിന് എല്ലാവര്‍ക്കും നന്ദിയെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഒരു ശവഘോഷയാത്രയുടെ അതി മനോഹരമായ വിദൂര ദൃശ്യത്തില്‍ തുടങ്ങി കണ്ണുനീരിലും മഴയിലും ചെളിയിലും ചതുപ്പിലും കുഴഞ്ഞ മറ്റൊരു ശവമടക്കിന്റെ സമീപ ദൃശ്യത്തിലവസാനിക്കുന്നു ഈ.മ.യൗ എന്ന ചലച്ചിത്രം. അതിനു ശേഷം മിനിട്ടുകളോളം സ്‌ക്രീനില്‍ തങ്ങി നില്‍ക്കുന്ന ഇരുട്ടും മൂകതയും, എഴുന്നേല്‍ക്കാനും മറന്ന് പ്രേക്ഷകര്‍. മരണമെന്ന വലിയ ദാര്‍ശനിക പ്രശ്‌നത്തെത്തന്നെ ഫലിതമയമാക്കുന്ന ഗൃഹാന്തരീക്ഷ ദൃശ്യങ്ങള്‍, സിജെ തോമസിന്റെ ക്രൈം നാടകത്തിന്റെ പല ഭാഗങ്ങളും ഓര്‍മ്മയിലെത്തിച്ചു.

സിനിമ തീരുവോളം അലമുറയിടുന്ന പെണ്ണുങ്ങളുടെ ശബ്ദത്തിനിടയില്‍ അതിലും ശബ്ദത്തില്‍ കേള്‍ക്കാനാവുന്നുണ്ട് ഈശിയുടെ നെഞ്ചിടിപ്പുകള്‍. വാവച്ചന്റെ അപ്പനെ പോലെ, വാവച്ചനെ പോലെ, ഈശിയും തനിയെ ഇരുന്ന് സംസാരിച്ചു തുടങ്ങുന്നുണ്ട്. മഴയിലും കാറ്റിലും കലങ്ങിയ അന്തരീക്ഷത്തിലും ഈശിയോട്, മരിച്ചു പോയ വാവച്ചന്‍ അവ്യക്ത ശബ്ദത്തില്‍ സംസാരിക്കുന്നുണ്ട്. ഒരുറക്കം കഴിഞ്ഞെഴുന്നേറ്റിട്ടും ഈശിയേ ഈശിയേ എന്ന നിലവിളി എന്റെ ചെവിയില്‍ നിലക്കുന്നില്ല. അതു പോലെ ഈശിയുടെ തിണ്ണയിലെ കത്താതെ മിന്നി മിന്നി നില്‍ക്കുന്ന ആ ട്യൂബ് ലൈറ്റും.

പൊലീസ് സ്റ്റേഷനിലെ യാത്രയയപ്പു രംഗവും പൊലീസ് സ്റ്റേഷനില്‍ നിന്ന് കരഞ്ഞു കുതിര്‍ന്നിറങ്ങിപ്പോകുന്ന വിനായകന്റെ അയ്യപ്പനും വീണ്ടും സിജെയുടെ ക്രൈം നാടകം വായിച്ച പിരിമുറുക്കത്തിലേക്കു കൊണ്ടുപോയി. ലിജോ ജോസ് പെല്ലിശ്ശേരി സിജെയുടെ കൈ പിടിച്ചു നടക്കുന്നതായി തോന്നി. വല്ലാത്തൊരനുഭവമാണത് പകര്‍ന്നു തന്നത്. തന്നെ ഉപയോഗിക്കുന്ന വൃത്തികെട്ട കാമുകനെ ഈശിയുടെ സഹോദരി തിരിച്ചറിയുന്ന രംഗത്തിനു ശേഷമുള്ള അവളുടെ കരച്ചിലാണ് ഉള്ളില്‍ തട്ടിയ മറ്റൊരു കരച്ചില്‍. എനിക്കിനി ആരുണ്ടപ്പാ എന്ന നിലവിളിക്ക് എത്ര മാനങ്ങള്‍. ആ വേദന തിരിച്ചറിയുവാനാകുന്നത് സബേത്തിനുമാത്രം. അവളുടെ ഒറ്റ ഒരു നോട്ടവും ക്യാമറ ഒപ്പിയെടുക്കുന്നു.

ചെമ്പന്‍ വിനോദ്, വിനായകന്‍, പൗളി, ദിലീഷ് പോത്തന്‍, സബേത്ത്, വാവച്ചന്‍. മരണ വീട്ടിലെ ആദ്യവസാനക്കാരന്‍ മണിക്ക്, പിന്നെ ആള്‍ക്കൂട്ടത്തില്‍ കണ്ട ഓരോ മുഖവും ഓരോ കാഴ്ചയും നമ്മുടെ അന്തരീക്ഷത്തിലാകെ ഗൗരവമുള്ള, നല്ല സിനിമയുടെ വലിയ സാധ്യതകള്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഷൈജു ഖാലിദിന്റെ ക്യാമറ, പി എഫ് മാത്യൂസിന്റെ തിരക്കഥ ഈ.മ.യൗ വിനെ മറക്കാനാകാത്ത അനുഭവമാക്കി. തീയേറ്ററിനുള്ളിലനുഭവിച്ച മഴയുടെയും കാറ്റിന്റെയും മരങ്ങളുടെയും ശബ്ദം സിനിമ കഴിഞ്ഞ് പുറത്തെ വെയിലിലേക്കിറങ്ങിയിട്ടും ചെവിയില്‍ അലമുറയിടുകയായിരുന്നു. ശബ്ദസംവിധാനം രംഗനാഥന്‍ എന്നാണ് ഓര്‍മ്മയില്‍. സിനിമയുടെ പുതു തുടിപ്പുകള്‍ക്കൊപ്പം സഞ്ചരിക്കുവാന്‍ ലഭിക്കുന്ന ഈ ഭാഗ്യത്തിന് എല്ലാവര്‍ക്കും നന്ദി, ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top