പലസ്തീന്‍ അശാന്തം: ഇസ്രയേലി ആക്രമണത്തില്‍ 58 മരണം, നിരവധി പേര്‍ക്ക് പരുക്ക്

പ്രതിഷേധക്കാര്‍ക്ക് നേര്‍ക്കുണ്ടായ വെടിവെയ്പില്‍ നിന്നുള്ള ദൃശ്യം

ജറുസലേം: ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 58 പലസ്തീനുകള്‍ കൊല്ലപ്പെട്ടു. അമേരിക്ക ജറുസലേമില്‍ എംബസി തുറന്നതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ പലസ്തീന്‍ ജനതയ്ക്ക് നേരെയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം. 1500 ഓളം പേര്‍ക്ക് വെടിവെയ്പില്‍ പരുക്കേറ്റിട്ടുമുണ്ട്.

ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച് തങ്ങളുടെ എംബസി അവിടേയ്ക്ക് മാറ്റാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പലസ്തീനില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ എതിര്‍പ്പ് വകവെയ്ക്കാതെ അമേരിക്ക തിങ്കളാഴ്ച എംബസി തുറക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നതിനിടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നപേരില്‍ പലസ്തീനില്‍ തുടക്കം കുറിച്ച ആറാഴ്ചത്തെ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 35000 വരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെയാണ് ഇസ്രയേല്‍ സൈന്യം വെടിവെയ്പ് നടത്തിയത്.

പ്രതിഷേധക്കാര്‍ അക്രമാസക്തമായതാണ് വെടിവെയ്പിലേക്ക് നയിച്ചതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം കണ്ണീര്‍ വാതകവും വ്യോമാക്രമണവും നടത്തി. അതേസമയം ഇസ്രയേല്‍ പരമാധികാര രാഷ്ട്രമാണെന്നും സ്വന്തം തലസ്ഥാനം നിശ്ചയിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമാണ് ഒരിടവേളയ്ക്ക് ശേഷം സംഘര്‍ഷങ്ങള്‍ക്കയവുവന്ന പലസ്തീനെ വീണ്ടും കുരുതിക്കളമാക്കി തീര്‍ത്തത്. തങ്ങളുടെ രാജ്യതലസ്ഥാനമായി ജറുസലേമിനെയാണ് ഇസ്രായേല്‍ കണക്കാക്കുന്നതെങ്കിലും ഇസ്രയേലിലെ ടെല്‍ അവീവില്‍ തന്നെയാണ് ലോകരാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ എംബസികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. തങ്ങളുടെ രാജ്യം പൂര്‍ണരൂപത്തില്‍ നിലവില്‍ വരുമ്പോള്‍ അതിന്റെ തലസ്ഥാനമായി പലസ്തീന്‍ ജനത കണക്കാക്കുന്നത് ജറുസലേമിനെയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ അധീനതയിലുള്ള പടിഞ്ഞാറന്‍ ജറുസലേമിനെ രാജ്യതലസ്ഥാനമാക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ പലസ്തീനും മറ്റ് ലോകരാജ്യങ്ങളും അംഗീകരിച്ചിരുന്നില്ല.

എന്നാല്‍ അമേരിക്ക നേരത്തെ ഇതിന് അംഗീകാരം നല്‍കുകയും തങ്ങളുടെ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മേഖലയിലെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി മാറിമാറിവന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഈ തീരുമാനം നടപ്പാക്കുന്നത് തങ്ങളുടെ പ്രത്യേക അധികാരമുപയോഗിച്ച് നീട്ടിവച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തലസ്ഥാനമാറ്റം നടപ്പാക്കുന്നത് നീട്ടിവച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവയ്ക്കാതിരിക്കുകയും, ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top