ലെവാന്റെയോടുള്ള തകര്‍ച്ച: ബാഴ്‌സയ്ക്ക് നഷ്ടം ഏറെ

സ്പാനിഷ് ലീഗില്‍ ബാഴ്‌സയെ അട്ടിമറിച്ച ലെവാന്റെ കുറിച്ചത് പുതിയ അധ്യായം. ഒരവസരത്തില്‍ 5-1 എന്ന സ്‌കോറില്‍ മുന്നിലെത്തിയ ലെവാന്റെ ബാഴ്‌സയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സൂപ്പര്‍ താരം മെസ്സി ബാഴ്‌സ നിരയില്‍ ഇല്ലാതിരുന്നതും ലെവാന്റെയ്ക്ക് നേട്ടമായി. 5-4 എന്ന സ്‌കോറിന് ബാഴ്‌സ നാണംകെട്ടു.

സീസണില്‍ ഇതുവരെ തോല്‍വിയറിയാതിരുന്ന ബാഴ്‌സയാണ് ലെവാന്റെയുടെ പക്കല്‍നിന്ന് തോല്‍വി ഏറ്റുവാങ്ങിയത്. സ്പാനിഷ് ലീഗിലെ തോല്‍വിയറിയാത്ത 43 മൂന്ന് മത്സരങ്ങള്‍ക്ക് ശേഷമാണ് താരതമ്യേന കരുത്ത് കുറഞ്ഞ ടീമിന് മുന്നില്‍ ബാഴ്‌സ മുട്ടുമടക്കിയത്. 2017ല്‍ മലാഗയാണ് ഇതിനുമുമ്പ് ബാഴ്‌സലോണയെ തോല്‍പ്പിച്ചത്.

54 വര്‍ഷം മുമ്പാണ് സ്പാനിഷ്‌ലീഗില്‍ ബാഴ്‌സ ലെവാന്റെയോട് തോല്‍വി വഴങ്ങുന്നത്. 1964ല്‍ 1-5 എന്ന സ്‌കോറിനാണ് ബാഴ്‌സ പരാജയപ്പെട്ടത്. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സ അടിച്ചുകൂട്ടിയത് 36 ഗോളുകളും ലെവാന്റെയ്ക്ക് ആകെ അടിക്കാന്‍ സാധിച്ചത് വെറും മൂന്ന് ഗോളുകളുമാണ്. അതില്‍ കൂടുതല്‍ ഗോളുകള്‍ ഇന്നലെ ഒറ്റക്കളിയില്‍ ലെവാന്റെ അടിച്ചു.

15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാര്‍ക അഞ്ചുഗോള്‍ വഴങ്ങുന്നത്. 2003ല്‍ മലാഗയാണ് ബാഴ്‌സയെ 1-5ന് പരാജയപ്പെടുത്തിയത്. ഇതുമാത്രമല്ല, ഹാട്രിക്ക് വഴങ്ങാതെയും പിടിച്ചുനിന്ന ബാഴ്‌സലോണയ്ക്കാണ് ഇന്നലെ കാര്യങ്ങള്‍ കൈവിട്ടത്. ലാലിഗയില്‍ 13 വര്‍ഷത്തിന് ശേഷമാണ് ബാഴ്‌സ ഹാട്രിക് വഴങ്ങുന്നത്. 2005ല്‍ ഹാട്രിക്കിലൂടെ ബാഴ്‌സയെ വിറപ്പിച്ചതാകട്ടെ ഉറുഗ്വായ് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ ഫോര്‍ലാനും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top