ദലിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴിമാറാമെന്ന് സിദ്ധരാമയ്യ, കര്‍ണാടകയുടെ വിധി കാത്ത് രാജ്യം

ഫയല്‍ചിത്രം

ബംഗളൂരു: ദലിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴിമാറികൊടുക്കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹൈക്കമാന്റിന്റെ തീരുമാനം എന്ത് തന്നെയായാലും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മൈസൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടെടുപ്പ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കഴിഞ്ഞദിവസം സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. നീന്തലറിയാത്ത ആള്‍ പുഴ മുറിച്ചു കടക്കാന്‍ സ്റ്റാറ്റിസ്റ്റിഷ്യനെ ആശ്രയിക്കുന്നതിന് സമാനമാണ് എക്‌സിറ്റ് പോളുകളെന്നും അവയെ പറ്റി ആശങ്കപ്പെടാതെ പാര്‍ട്ടി പ്രവര്‍ത്തകരോട് വിശ്രമിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ട്വിറ്ററിലൂടെയായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങളെ അദ്ദേഹം തള്ളിയത്.

ശനിയാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായ കര്‍ണാടകയില്‍ ത്രിശങ്കു സഭയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. വിവിധ എക്‌സിറ്റ് പോളുകള്‍ വ്യത്യസ്തങ്ങളായ ഫലങ്ങളാണ് പുറത്തുവിട്ടത്. ചില എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിച്ചപ്പോള്‍ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും ബിജെപി സംസ്ഥാനത്ത് വലിയ ഒറ്റകക്ഷിയാകുമെന്നും ചില സര്‍വെകള്‍ പ്രവചിച്ചിരുന്നു.

അതേസമയം തൂക്കുസഭയാണ് വരുന്നതെങ്കില്‍ ജെഡിഎസിന്റെ നിലപാട് നിര്‍ണായകമാകും. എല്ലാ സര്‍വെകളും 40ഓളം സീറ്റുകള്‍ മൂന്നാം കക്ഷിയായ ജനതാദള്‍ എസിന് ലഭിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. തൂക്കുസഭയാണെന്ന സൂചന ലഭിച്ചതിനാല്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ജെഡിഎസ് നേതൃത്വവുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top