‘ബലവാന്മാരെ ഭയന്ന് നിശ്ശബ്ദരായിപ്പോയ പെണ്‍കുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മയാണ് ഇന്നും ആ ചിത്രം’; തിയേറ്ററിലെ ദുരനുഭവം പങ്കുവെച്ച് ശാരദക്കുട്ടി

ശാരദക്കുട്ടി

കൊച്ചി: മലപ്പുറത്ത് സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം പുറത്തുവന്നതിന് പിന്നാലെ തിയേറ്ററില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എഴുത്തുകാരി ശാരദക്കുട്ടി. കോളേജില്‍ പെണ്‍സുഹൃത്തുക്കളോടൊപ്പം ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രം കാണാന്‍ പോയപ്പോഴുണ്ടായ സംഭവമാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശാരദക്കുട്ടി വിവരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ലെന്നിരിക്കെ ഇരുട്ടില്‍ ആരുമറിയാതെ എത്രയോ തിയേറ്ററുകളില്‍ സംഭവിക്കുന്ന ക്രൂരതകളില്‍ ഒന്നു മാത്രമായി പോകുമായിരുന്ന ഈ വിഷയം പുറത്തുകൊണ്ടുവന്ന എടപ്പാളിലെ തിയേറ്റര്‍ ഉടമയോട് ബഹുമാനം തോന്നുന്നുവെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

തിയേറ്ററുകളില്‍ സിസിടിവി ഇല്ലാതിരുന്ന കാലത്ത് കോളേജില്‍ നിന്ന് താനടക്കമുള്ള അഞ്ച് പെണ്‍കുട്ടികള്‍ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രം കാണാന്‍ പോയപ്പോള്‍ ഒരുസംഘം ആളുകള്‍ പിന്നില്‍ നിന്ന് തോണ്ടാനും, കുത്താനും തുടങ്ങിയെന്നും ശല്യം രൂക്ഷമായപ്പോള്‍ മാനേജരോട് പ്രശ്‌നം അവതരിപ്പിക്കുകയും അവര്‍ ശല്യക്കാരെ താക്കീത് ചെയ്‌തെന്നും ശാരദക്കുട്ടി കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘എങ്ങനെയോ രണ്ടര മണിക്കൂര്‍ തള്ളി നീക്കി. സിനിമ തീര്‍ന്നപ്പോഴും ഭയം കുറ്റവാളികള്‍ക്കല്ല, ഞങ്ങള്‍ക്കാണ്, അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല, അവന്മാര്‍ ഞങ്ങളെ തിരിച്ചറിയുമോ എന്നായിരുന്നു വേവലാതി’, ശാരദക്കുട്ടി പറയുന്നു. തിയേറ്ററില്‍ നിന്നിറങ്ങി പിന്നീട് നോക്കിയപ്പോഴാണ് കൂട്ടത്തില്‍ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നതും, മറ്റൊരാളുടെ വെളുത്ത പാവാടയില്‍ മുറുക്കിത്തുപ്പിയിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതെന്ന് ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

‘ബലവാന്മാരെ ഭയന്ന് നിശ്ശബ്ദരായിപ്പോയ പെണ്‍കുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മയാണ് ഇന്നും കാറ്റത്തെ കിളിക്കൂട് എന്ന ചിത്രം. എടപ്പാളിലെ തീയേറ്ററുടമയോട് ബഹുമാനം തോന്നുന്നു. ഇരുട്ടില്‍ ആരുമറിയാതെ എത്രയോ തിയേറ്ററുകളില്‍ സംഭവിക്കുന്ന ക്രൂരതകളില്‍ ഒന്നു മാത്രമാകാം ഇത്. ആ തിയേറ്ററുടമ കാണിച്ച സാമൂഹിക നീതിബോധം പോലും കാണിക്കാതിരുന്ന പൊലീസിനോട് പുച്ഛമാണ് തോന്നുന്നത്. അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകണം,’ ശാരദക്കുട്ടി വ്യക്തമാക്കി.

ഏപ്രില്‍ 18നാണ് മലപ്പുറത്തെ ഒരു തിയേറ്ററില്‍ ബാലിക ലൈംഗികാതിക്രമത്തിന് ഇരയായത്. നേരത്തെ പരാതി ലഭിച്ചിട്ടും യാതൊരു നടപടിയുമെടുക്കാതിരുന്ന പൊലീസ് ഇന്നലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ധൃതിപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് എസ്ഐയെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. തൃത്താലയില്‍ പ്രതിയുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്സില്‍ താമസിക്കുന്ന യുവതിയുടെ മകളാണ് പീഡനത്തിനിരയായത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

തിയേറ്ററുകളില്‍ സിസിടിവി ഇല്ലാത്ത കാലം. കോളേജില്‍ നിന്ന് ഞങ്ങള്‍ അഞ്ച് പെണ്‍കുട്ടികള്‍ കാറ്റത്തെ കിളിക്കൂട് എന്ന ചലച്ചിത്രം കാണുവാന്‍ കോട്ടയത്തെ ആനന്ദ് തിയേറ്ററില്‍ മാറ്റിനിക്ക് കയറി. സിനിമക്ക് നല്ല തിരക്കാണ്. അഞ്ച് സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ചെറിയ തോണ്ടലുകള്‍ കുത്തലുകള്‍ ഒക്കെ പിന്നില്‍ നിന്ന് കിട്ടാന്‍ തുടങ്ങി. അന്നൊക്കെ സിനിമയ്ക്ക് പോകുമ്പോള്‍ തത്കാലാശ്വാസത്തിനായി സേഫ്റ്റി പിന്‍, ബ്ലേഡ് ഇതൊക്കെ മിക്കപെണ്‍കുട്ടികളും കയ്യില്‍ കരുതും. തിരിച്ച് ചെറിയ തോതിലുള്ള പ്രതിരോധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒറ്റ ടീമായി വന്നിരിക്കുന്ന അവന്മാര്‍ക്ക് യാതൊരു അടക്കവുമില്ല.

സിനിമയില്‍ രേവതി മോഹന്‍ലാലിനോടും ശ്രീവിദ്യയോടുമുള്ള വാശി തീര്‍ക്കാന്‍ ഗോപിയെ പ്രലോഭിപ്പിക്കുന്ന രംഗമായി. ഞങ്ങള്‍ക്ക് സിനിമ ശ്രദ്ധിക്കാനേ കഴിയുന്നില്ല. പിന്നിലൂടെ, വശങ്ങളിലൂടെ കൈകള്‍ നീണ്ടു നീണ്ട് വരുന്നു. ദേഹത്താകെ പരതുന്നു. മാനേജറുടെ ഓഫീസില്‍ ചെന്ന് പ്രശ്‌നം അവതരിപ്പിച്ചു. അവര്‍ ഉടനെ വന്ന് ശല്യകാരികളെ താക്കീതു ചെയ്തു. ഇറക്കി വിട്ടൊന്നുമില്ല. ഞങ്ങള്‍ സിനിമ കാണാന്‍ ശ്രമിച്ചെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. ഒരു മനസ്സമാധാനവുമില്ല. തീയേറ്റര്‍ വിട്ട് ഇറങ്ങിപ്പോയതുമില്ല. എന്താന്നു ചോദിച്ചാല്‍ അറിയില്ല. അന്നത്തെ കാലത്ത് ചില ഭയങ്ങള്‍ അങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നേ ഉത്തരമുള്ളു. ആള്‍ക്കൂട്ടത്തിന്റെ കൂടെ പുറത്തിറങ്ങിയാല്‍ മതിയെന്ന് തമ്മില്‍ത്തമ്മില്‍ വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ചു ഞങ്ങള്‍ തീരുമാനിച്ചു.

ഞങ്ങളാണ് തെറ്റുകാരികളെന്ന് സ്വയം കുറ്റപ്പെടുത്തി. എങ്ങനെയോ രണ്ടര മണിക്കൂര്‍ തള്ളി നീക്കി. സിനിമ തീര്‍ന്നപ്പോഴും ഭയം കുറ്റവാളികള്‍ക്കല്ല, ഞങ്ങള്‍ക്കാണ്, അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല, അവന്മാര്‍ ഞങ്ങളെ തിരിച്ചറിയുമോ എന്നാണ് വേവലാതി. വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേര്‍ത്തു പിടിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ ഇടവഴിയില്‍ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളില്‍ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയില്‍ മുറുക്കിത്തുപ്പിയിരിക്കുന്നു.

ഇന്നും കാറ്റത്തെ കിളിക്കൂട് ടിവിയില്‍ കാണുമ്പോള്‍ ഞങ്ങള്‍ പരസ്പരം ഫോണില്‍ ബന്ധപ്പെടും. ബലവാന്മാരെ ഭയന്ന് നിശ്ശബ്ദരായിപ്പോയ പെണ്‍കുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മയാണ് ഇന്നും ആ ചിത്രം. എടപ്പാളിലെ തീയേറ്ററുടമയോട് ബഹുമാനം തോന്നുന്നു. ഇരുട്ടില്‍ ആരുമറിയാതെ എത്രയോ തിയേറ്ററുകളില്‍ സംഭവിക്കുന്ന ക്രൂരതകളില്‍ ഒന്നു മാത്രമാകാം ഇത്. ആ തിയേറ്ററുടമ കാണിച്ച സാമൂഹിക നീതിബോധം പോലും കാണിക്കാതിരുന്ന പൊലീസിനോട് പുച്ഛമാണ് തോന്നുന്നത്. അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകണം. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ വിഷയം മാതൃഭൂമി ചാനല്‍ പുറത്തു കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ മാന്യന്‍ മൊയ്തീന്‍ കുട്ടി നാളെയും നിര്‍വൃതിക്കായി മറ്റേതെങ്കിലും തീയേറ്ററിലേക്ക് ബെന്‍സില്‍ വന്നിറങ്ങുമായിരുന്നു.

മാധ്യമ ധര്‍മ്മം ശരിയായി നിര്‍വ്വഹിച്ച മാതൃഭൂമിയും പൊതു ധര്‍മ്മം നിര്‍വ്വഹിച്ച എടപ്പാളിലെ തിയേറ്റര്‍ ഉടമയും അഭിനന്ദനമര്‍ഹിക്കുന്നു. അന്തസ്സായി ആര്‍ത്തിയും പരവേശവുമില്ലാതെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ശ്രീജ, ജയപ്രകാശ് ഇവരും അഭിനന്ദനത്തിനര്‍ഹരാണ്, ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top