special page

വീണ്ടും കടക്കുപുറത്ത് പറഞ്ഞ് മുഖ്യമന്ത്രി, മുഖാമുഖം പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു

കാസര്‍ഗോഡ് :എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിയിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അധ്യക്ഷനായ മന്ത്രി ഇ ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയിച്ചു.

എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വിവി രമേശനും ആവശ്യപ്പെടുകയായിരുന്നു. പിആര്‍ഡി പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയ്ക്കെത്തിയത്.

മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് നില്‍ക്കുന്നു

ഇരുവരും വേദിയില്‍ നിന്ന് ഇറങ്ങി വന്ന് മാധ്യമപ്രവര്‍ത്തകരോട് ഹാളില്‍ നിന്നും പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും മാധ്യമപ്രവര്‍ത്തകര്‍ ഹാളില്‍നിന്നും പുറത്തുപോകാന്‍ തയ്യാറാവാതെ വന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകരെ നോക്കി പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ചാനല്‍ ക്യാമറകള്‍ക്ക് ഹാളിന് പുറത്തു തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് നില്‍ക്കുന്നു

പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ സമ്പന്നരെ ഉള്‍പ്പെടുത്തി സിപിഐഎം ജില്ലാകമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത് ചിലത് മറച്ചു വയ്ക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. സിപിഐഎം അനുഭാവികളായ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹാളില്‍ ഇരിക്കാന്‍ നേതാക്കള്‍ മൗനാനുമതിയും നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top