കൊച്ചി ടസ്‌കേഴ്‌സിനെതിരായ കേസ്: ബിസിസിഐ 100 കോടി രൂപ കെട്ടിവയ്ക്കണമെന്ന് സുപ്രിംകോടതി ഉത്തരവ്

ദില്ലി: കൊച്ചി ടസ്‌കേഴ്‌സിനെതിരായ കേസില്‍ ബിസിസിഐ 100 കോടി രൂപ കെട്ടിവയ്ക്കണമെന്ന് സുപ്രിംകോടതി ഉത്തരവ്. തര്‍ക്ക പരിഹാരത്തിന്റെ ഭാഗമായി 800 കോടി രൂപ നല്‍കേണ്ട കേസിലാണ് സുപ്രിം കോടതി ഉത്തരവ്. കേസ് നടക്കുന്ന ബോംബെ ഹൈക്കോടതിയില്‍ പണം കെട്ടിവയ്ക്കണം. പണം നല്‍കുന്നതിന് എതിരായ ബിസിസിഐ ഹര്‍ജി ഹൈക്കോടതി വേഗത്തില്‍ തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ടീമിന്റെ അംഗീകാരം റദ്ദാക്കിയതിന് കൊച്ചി ടസ്‌കേഴ്‌സ് ടീമിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വാര്‍ഷിക പലിശ അടക്കം 800 കോടി നഷ്ടപരിഹാരം നല്‍കണമെന്ന ആര്‍ബിട്രേഷന്‍ ഉത്തരവിനെതിരെയാണ് ബിസിസിഐ സുപ്രിംകോടതിയെ സമീപിച്ചത്. ആര്‍ബിട്രേഷന്‍ നിയമങ്ങളാണ് കേസില്‍ ബാധകമാകുകയെന്നും ഇതിനാല്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ബിസിസിഐയുടെ വാദം. എന്നാല്‍ ഈ വാദം സുപ്രിംകോടതി നിരാകരിച്ചു.

കൊച്ചിന്‍ ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ 2015 ലാണ് ആര്‍ബിട്രേറ്റര്‍ വിധിച്ചത്. പണം നല്‍കിയില്ലെങ്കില്‍ വര്‍ഷം 18 ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ വിധി നടപ്പിലാക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് 18 ശതമാനം വാര്‍ഷിക പലിശയടക്കം ബിസിസിഐ 800 കോടിയോളം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ പിന്നീട് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെയാണ് ബിസിസിഐ സുപ്രിം കോടതിയെ സമീപിച്ചത്.

നേരത്തെ നഷ്ടപരിഹാരമായി 460 കോടി രൂപ നല്‍കാമെന്ന് കൊച്ചി ടസ്‌ക്കേഴ്‌സിനോട് ബിസിസിഐ വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാല്‍ ഇതിന് കൊച്ചിന്‍ ടസ്‌കേഴ്‌സ് ഉടമകള്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് അര്‍ബിസ്‌ട്രേഷന്‍ വിധി വന്നത്. അതിനിടയില്‍ കോടതിക്ക് പുറത്ത് വെച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിസിസിഐ ശ്രമിച്ചിരുന്നു. കൊച്ചി ടീമിന് വീണ്ടും ഐപിഎല്‍ ഫ്രാഞ്ചൈസി നല്‍കി പ്രശ്‌നപരിഹാ സാധ്യതകളും ബിസിസിഐ ചര്‍ച്ച ചെയ്തിരുന്നു. ഇതും ഫലം കണ്ടില്ല.

2011 സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്‌സിനെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ബിസിസിഐ പുറത്താക്കിയത്. മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും കൊച്ചി ടസ്‌ക്കേഴ്‌സിന് അതിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ടസ്‌ക്കേഴ്‌സുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്‌സ് ടീം ഉടമകള്‍ ആര്‍ബിട്രേറ്ററിനെ സമീപിച്ചത്.

റെന്‍ഡെവ്യൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികളുടെ കണ്‍സോര്‍ഷ്യമായാണ് കൊച്ചി ടസ്‌ക്കേഴ്‌സ് രൂപീകരിച്ചത്. 1560 കോടി രൂപ മുടക്കിയാണ് ടീം മാനേജ്‌മെന്റ് അന്താരാഷ്ട്രതാരങ്ങളെയടക്കം പ്രമുഖരെ തങ്ങളുടെ ആദ്യസീസണില്‍ ടീമിലെത്തിച്ചത്. ശ്രീലങ്കന്‍ ക്യാപ്റ്റനായിരുന്ന മഹേള ജയവര്‍ധനെ, സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍, ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, എസ് ശ്രീശാന്ത് തുടങ്ങിയ താരനിരയാണ് ടീമീന് വേണ്ടി അണിനിരന്നത്. മികച്ച പ്രകടനം നടത്താനും ടീമിന് കഴിഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top