ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കിയത് അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വച്ചതിനാലെന്ന് സുപ്രിംകോടതിയില്‍ നമ്പി നാരായണന്

സുപ്രിംകോടതി, നമ്പി നാരായണന്
ദില്ലി: അമേരിക്കന്‍ പൗരത്വം വേണ്ടെന്നു വച്ചതുകൊണ്ടാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ കുടുക്കിയതെന്നു സുപ്രിംകോടതിയില്‍ നമ്പി നാരായണന്. അതേസമയം, കേസ് കെട്ടിച്ചമച്ചതാണോയെന്ന് അന്വേഷിച്ചിരുന്നതായും ഇത് സംബന്ധിച്ച് തെളിവ് ലഭിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വീണ്ടും അന്വേഷണത്തിന് ഉത്തരവിറക്കുമെന്നും നമ്പി നാരായണന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുമെന്നും കോടതി സൂചിപ്പിച്ചു.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ രണ്ടാം തവണയാണ് സുപ്രിംകോടതി നേരിട്ട് നമ്പി നാരായണന്റെ വാദം കേള്‍ക്കുന്നത്. കോടതി ഗ്യാലറിയില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹത്തെ ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരിട്ട് വിളിപ്പിച്ചു കേസിന്റെ വിശദാംശങ്ങള്‍ തേടി. അമേരിക്കയില്‍ നാസ ഫെലോ ആയി പ്രവര്‍ത്തിക്കവേ തനിക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് വേണ്ടെന്നു വച്ചാണ് ഇന്ത്യയില്‍ വന്നു പ്രവര്‍ത്തിച്ചത്. അമേരിക്കന്‍ പൗരത്വം വേണ്ടെന്നു വച്ചതിനാണ് തന്നെ പിന്നീട് ചാരക്കേസില്‍ കുടുക്കിയത്.

എന്നാല്‍ ക്രിമിനല്‍ കേസില്‍ നമ്പി നാരായണ്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതടക്കമുള്ള കാര്യങ്ങള്‍ക്ക് വിശദീകരണം നല്കാന് അദ്ദേഹം ശ്രമിച്ചെങ്കിലും അഭിഭാഷകരുടെ അസൗകര്യം കാരണം കേസ് ബുധനാഴ്ചത്തേക്ക് മാറ്റാന്‍ എതിര്‍ഭാഗം ആവശ്യപ്പെട്ടു. കേസില്‍ നാളെയും വാദം തുടരും.
ചാരക്കേസ് കേസില്‍ നമ്പി നാരായണനെ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെകെ ജോഷ്വാ, എസ് വിജയന് എന്നിവര്‍ക്കെതിരെ വീണ്ടും അന്വേഷണത്തിന് സിബിഐക്കൊ സംസ്ഥാന പൊലീസിനോ നിര്‍ദ്ദേശം നല്‍കുമെന്ന് കോടതി സൂചിപ്പിച്ചു. വ്യാജ കേസിന്റെ ഭാഗമായി അനുഭവിച്ച മാനസിക സംഘര്‍ഷത്തിനുള്ള നഷ്ടപരിഹാരത്തുക ഇരുപതോ ഇരുപത്തിയഞ്ചോ ലക്ഷമായി ഉയര്‍ത്തിയേക്കും.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക