ചെങ്ങന്നൂരില്‍ എന്‍ഡിഎ കണ്‍വെന്‍ഷന്‍ തുടങ്ങി, ബിഡിജെഎസ് പങ്കെടുക്കുന്നില്ല

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച എന്‍ഡിഎ യോഗത്തില്‍ നിന്ന് ഇടഞ്ഞ് നില്‍ക്കുന്ന സഖ്യകക്ഷി ബിഡിജെഎസ് വിട്ടുനില്‍ക്കുന്നു. ബിഡിജെഎസിനെ പങ്കെടുപ്പിക്കാനുള്ള ബിജെപിയുടെ അനുനയശ്രമങ്ങള്‍ വിഫലമായി. അതേസമയം, ചെങ്ങന്നൂരില്‍ ബിജെപിയോടുള്ള നിസ്സഹകരണം മാത്രമാണ് നടത്തുന്നതെന്നും ബിഡിജെഎസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, ചെങ്ങന്നൂരില്‍ ബിഡിജെഎസ് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് തങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാത്തതില്‍ കഴിഞ്ഞ കുറേനാളുകളായി ബിജെപിയുമായി അഭിപ്രായഭിന്നതയിലാണ് ബിഡിജെഎസ്. തങ്ങളുടെ ആവശ്യങ്ങള്‍ സമ്മര്‍ദ്ദത്തിലൂടെ നേടിയെടുക്കുന്നതിനുള്ള അവസാന അവസരമായാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ പാര്‍ട്ടി കണ്ടതും. തെരഞ്ഞെടുപ്പില്‍ ബിജെപിയോട് നിസ്സഹകരണ സമീപനം സ്വീകരിക്കാനാണ് നേതൃത്വം കൈക്കൊണ്ടിരിക്കുന്ന തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് ബിഡിജെഎസ് രംഗത്തിറങ്ങിയിട്ടില്ല.

വോട്ട് ആവശ്യമുള്ളവര്‍ തങ്ങളെ തേടിവരട്ടെയെന്നും അപ്പോള്‍ നിലപാട് വ്യക്തമാക്കാം എന്നുമാണ് ബിഡിജെഎസ് ഇപ്പോള്‍ പറയുന്നത്. ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്ന നിലപാടിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേത്.

തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ നിലപാട് വ്യക്തമാക്കാന്‍ രണ്ട് ആഴ്ചത്തെ സമയം ബിജെപി കേന്ദ്രനേതൃത്വത്തിന് ബിഡിജെഎസ് നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണിത്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎയില്‍ തുടരണോ എന്നതില്‍ തീരുമാനം കൈക്കൊള്ളാനാണ് ബിഡിജെഎസിന്റെ തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top