ബിജെപി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ല: കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കൊച്ചി: ബിജെപി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ലെന്ന് കെ സുരേന്ദ്രന്‍. അവാര്‍ഡുദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള ചിലരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവുമെന്ന് പറഞ്ഞ സുരേന്ദ്രന്‍, ഇതിന് മുന്‍പും എത്രയോ കലാകാരന്‍മാര്‍ മന്ത്രിമാരുടെ കയ്യില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സവിശേഷത. അവാര്‍ഡുദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള ചിലരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും. അതിന്റെ പേരില്‍ യേശുദാസിനെപ്പോലെ ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു മഹാപ്രതിഭയെ ഇങ്ങനെ നികൃഷ്ടമായ നിലയില്‍ അധിക്ഷേപിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മഹാവൃത്തികേടാണ്. അസഹിഷ്ണുതയ്ക്ക് ഒരതിരുണ്ട്.

ഇതിന് മുന്‍പും എത്രയോ കലാകാരന്‍മാര്‍ മന്ത്രിമാരുടെ കയ്യില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. ബിജെപി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ല. ഈ പ്രതിഷേധം ആദര്‍ശപരമെന്നൊന്നും ആരും കരുതുന്നില്ല. മോദിയോടും ബിജെപിയോടുമുള്ള ഒരു തരം അടങ്ങാത്ത പകയും മറ്റുചില അധമചിന്തകളും പല രൂപത്തില്‍ പുറത്തുവരുന്നതാണ്. അതിനുവേറെ പരിഹാരമൊന്നുമില്ല. ഈ ചൊറിച്ചിലിന് മരുന്നുമില്ല. എന്നാല്‍ അതിന്റെ മറവില്‍ ലോകം ആദരിക്കുന്നവരെ അധിക്ഷേപിച്ചാല്‍ അതു തിരിച്ചറിയാനുള്ള വിവേകമൊക്കെ ജനങ്ങള്‍ക്കുണ്ടെന്ന് മനസ്സിലാക്കണം, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top