‘അന്ന് സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ പേരില്‍ തന്നെ ഫോണില്‍ തെറി വിളിച്ചയാളാണ് സിനിമ എടുക്കുന്നത് അവാര്‍ഡിന് വേണ്ടിയല്ലെന്ന് പറയുന്നത്’; ജോയ് മാത്യുവിനെ പരിഹസിച്ച് ഡോക്ടര്‍ ബിജു

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച സിനിമ പ്രവര്‍ത്തകരെ പരിഹസിച്ച സംവിധായകനും നടനുമായ ജോയ് മാത്യുവിന് അതേ നാണയത്തില്‍ മറുപടി നല്‍കി സംവിധായകന്‍ ഡോക്ടര്‍ ബിജു. അന്ന് തന്റെ സിനിമയ്ക്ക് പുരസ്‌കാരം കിട്ടിയില്ലെന്ന് പറഞ്ഞ് ജൂറിയംഗമായ തന്നെ ഫോണില്‍ വിളിച്ച് തെറി പറയുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത ആളാണ് താന്‍ സിനിമ എടുക്കുന്നത് അവാര്‍ഡിന് വേണ്ടിയല്ലെന്ന് പറയുന്നതെന്നാണ് ബിജുവിന്റെ പരിഹാസം. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജോയ് മാത്യുവിനെതിരെ രൂക്ഷമായ ഭാഷയില്‍ ബിജു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

2012 ൽ ദേശീയ പുരസ്‌കാര ജൂറിയിൽ താന്‍ അംഗമായിരുന്നു. അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയിലാണ് ഇദ്ദേഹം എന്നെ ഫോണിൽ വിളിച്ചതെന്നും ബിജു പറയുന്നു. തന്നെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരിൽ ഞാൻ കൊടുത്ത കേസിൽ അദ്ദേഹം ജാമ്യം എടുത്തതായും ബിജു കുറിപ്പില്‍ പറയുന്നു. 

തന്റെ സിനിമയ്ക്ക് അവാർഡ് കിട്ടിയില്ല എന്നതിന്റെ പേരിൽ ജൂറി മെമ്പറെ ഫോണിൽ വിളിച്ചു തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്ത അതേ ദേഹം ഇതാ ഇപ്പോൾ പറയുന്നത്, താന്‍ അവാര്‍ഡുകൾക്ക് വേണ്ടിയല്ല ജനങ്ങൾ കാണുവാൻ വേണ്ടിയാണ് സിനിമ ചെയ്യുന്നതെന്നാണ്. ഒപ്പം ഇത്തവണ ദേശീയ അവാർഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച നിലപാടുള്ള കലാകാരന്മാരോട് പുച്ഛവും. ബിജു ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഡോക്ടര്‍ ബിജുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം, 

അവാർഡിന് വേണ്ടിയല്ല ജനങ്ങൾക്ക് കാണാൻ വേണ്ടി മാത്രമാണ് ഞാൻ സിനിമ എടുക്കുന്നത് എന്ന് ഒരു സംവിധായക നടൻ. ഇന്നലെ അവാർഡ് ദാന ചടങ്ങു ബഹിഷ്‌കരിച്ച നിലപാടുള്ള സിനിമാ പ്രവർത്തകരെ ആവോളം പരിഹസിക്കുന്നുമുണ്ട് അദ്ദേഹം. സത്യത്തിൽ ഇത് വായിച്ചപ്പോൾ ചിരിക്കണോ കരയണോ എന്ന് സംശയം… കാര്യം മറ്റൊന്നുമല്ല. 2012 ൽ ദേശീയ പുരസ്‌കാര ജൂറിയിൽ ഞാനും അംഗമായിരുന്നു. അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയിൽ ഇതേ ദേഹം എന്നെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വർഷം അവാർഡ് കിട്ടാത്തത്തിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീർത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോണ് വെച്ചത്. അല്ല ഞാൻ ഫോണ് കട്ട് ചെയ്യുകയായിരുന്നു.  എന്നെ തെറി വിളിക്കുകയും ഭീഷണി പ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരിൽ ഞാൻ കൊടുത്ത കേസിൽ അദ്ദേഹം ജാമ്യം എടുത്തു. കേസ് ഇപ്പോഴും തുടരുന്നു. തന്റെ സിനിമയ്ക്ക് അവാർഡ് കിട്ടിയില്ല എന്നതിന്റെ പേരിൽ ജൂറി മെമ്പറെ ഫോണിൽ വിളിച്ചു തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്ത അതേ ദേഹം ഇതാ ഇപ്പോൾ പറയുന്നു. ഞാൻ അവാര്ഡുകൾക്ക് വേണ്ടിയല്ല ജനങ്ങൾ കാണുവാൻ വേണ്ടിയാണ് സിനിമ ചെയ്യുന്നത്..ഒപ്പം ഇത്തവണ ദേശീയ അവാർഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച നിലപാടുള്ള കലാകാരന്മാരോട് പുച്ഛവും. ചിരിക്കണോ കരയണോ.അപ്പൊ സാറേ കോടതിയിൽ കേസിന്റെ അടുത്ത അവധിക്ക് കാണാം..

അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനാണെന്ന് ജോയ് മാത്യു ചോദിച്ചിരുന്നു. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്നും ജോയ് മാത്യു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചിരുന്നു.   അവാര്‍ഡിന് വേണ്ടിയല്ല മറിച്ച് ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടതെന്നും ജോയ് മാത്യു കുറിപ്പില്‍ പറയുന്നു. ഇതിനെയാണ് രൂക്ഷഭാഷയില്‍ ബിജു വിമര്‍ശിച്ചിരിക്കുന്നത്.

ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം,

അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിന്? അവാര്‍ഡ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. അങ്ങിനെ വരുമ്പോള്‍ ആത്യന്തികമായ തീരുമാനവും ഗവണ്‍മെന്റിന്റെയായിരിക്കുമല്ലൊ. അപ്പോള്‍ ഗവണ്‍മെന്റ് നയങ്ങള്‍ മാറ്റുന്നത് ഗവണ്‍മെന്റിന്റെ ഇഷ്ടം. അതിനോട് വിയോജിപ്പുള്ളവര്‍ തങ്ങളുടെ സൃഷ്ടികള്‍ അവാര്‍ഡിന്ന് സമര്‍പ്പിക്കാതിരിക്കയാണ് ചെയ്യേണ്ടത്.

രാഷ്ട്രപതി തന്നെ അവര്‍ഡ് നല്‍കും എന്ന് അവാര്‍ഡിനയക്കുന്ന അപേക്ഷകന് ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല. മുന്‍ കാലങ്ങളിലെല്ലാം രാഷ്ട്രപതി തന്നെയാണൊ അവാര്‍ഡ് നല്‍കിയിരുന്നത്? ഇതൊന്നുമല്ലെങ്കില്‍ത്തന്നെ രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങളോ രാജ്യ പ്രതിരോധസംബന്ധിയായ പ്രശ്‌നങ്ങളോ ഉണ്ടായി എന്ന് കരുതുക, എന്ത് ചെയ്യും? ഇതൊക്കെ അറിഞ്ഞിട്ടും തങ്ങളുടെ സിനിമകള്‍ അവാര്‍ഡിനയക്കുന്നവര്‍ അത് ഇരുകൈയും നീട്ടി വാങ്ങാതിരിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

അവാര്‍ഡ് രാഷ്ട്രപതിതന്നെ തരണം എന്ന് വാശിപിടിക്കുന്നതെന്തിനാ? അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ഇനി സ്മൃതി ഇറാനി തരുമ്പോള്‍ അവാര്‍ഡ് തുക കുറഞ്ഞുപോകുമോ?

കത്വയില്‍ പിഞ്ചുബാലികയെ ബലാത്സംഗം ചെയ്തുകൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ പ്രതിഷേധിച്ചാണ് അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിന് ഒരു നിലപാടിന്റെ അഗ്‌നിശോഭയുണ്ടായേനെ (മര്‍ലന്‍ ബ്രാണ്ടോയെപ്പോലുള്ള മഹാ നടന്മാര്‍ പ്രഷേധിക്കുന്ന രീതി വായിച്ച് പഠിക്കുന്നത് നല്ലതാണ്) ഇതിപ്പം കൊച്ചുകുഞ്ഞുങ്ങള്‍ അവാര്‍ഡ് കളിപ്പാട്ടം കിട്ടാത്തതിന് കരയുന്ന പോലെയായിപ്പോയി.

ഇതാണു ഞാനെപ്പോഴും പറയാറുള്ളത് അവാര്‍ഡിന് വേണ്ടിയല്ല മറിച്ച് ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ‘അങ്കിള്‍’ എന്ന സിനിമ.

വാല്‍ക്കഷ്ണം: അവാര്‍ഡ് വാങ്ങാന്‍ കൂട്ടാക്കാത്തവര്‍ അടുത്ത ദിവസം തലയില്‍ മുണ്ടിട്ട് അവാര്‍ഡ് തുക റൊക്കമായി വാങ്ങിക്കുവാന്‍ പോകില്ലായിരിക്കും, ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top