‘ഇന്നോളമുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ഒരു തീരുമാനം’; ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയിലെ പ്രതിഷേധങ്ങളെക്കുറിച്ച് വിസി അഭിലാഷ്

വിസി അഭിലാഷ്

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും അവാര്‍ഡുകള്‍ സമ്മാനിക്കാന്‍ തീരുമാനിച്ചതിനെതിരെ സംവിധായകന്‍ വിസി അഭിലാഷ്. ഇന്നോളമുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ഒരു തീരുമാനമെന്ന് അഭിലാഷ് പറയുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയിലെ പ്രതിഷേധങ്ങളെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഇന്നോളമുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ഒരു തീരുമാനം! പ്രസിഡന്റ് നല്‍കി വന്ന അവാര്‍ഡുകള്‍ മഹാ ഭൂരിപക്ഷം ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഇനി മുതല്‍ സ്മൃതി ഇറാനി തരുമത്രെ! ഈ വിവരം ഞങ്ങളെ അറിയിക്കുന്നതോ ഇന്നലെ റിഹേഴ്‌സല്‍ വേദിയില്‍ വച്ചും!

അപ്പോള്‍ തന്നെ ഞങ്ങള്‍ പ്രതിഷേധിച്ചു. ഉദ്യോഗസ്ഥര്‍ വിളിച്ചതിനനുസരിച്ച് സ്മൃതി ഇറാനി പാഞ്ഞെത്തി. പക്ഷേ സ്‌നേഹത്തില്‍ ചാലിച്ച കടുംപിടിത്തമായിരുന്നു അവരുടെ പ്രതികരണം. ഇന്നലെ തന്നെ ഞങ്ങള്‍ അശോക ഹോട്ടലില്‍ ഒത്തുകൂടുകയും അവാര്‍ഡ് ചടങ്ങ് (അവാര്‍ഡല്ല) ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്നിത്ര നേരമായിട്ടും ഞങ്ങള്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ചര്‍ച്ചകള്‍ തുടരുകയും ചെയ്യുന്നു.

ലേറ്റസ്റ്റ് അപ്‌ഡേഷന്‍: ഞങ്ങളുമായി ചര്‍ച്ചക്ക് വന്ന ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ ഞങ്ങളുടെ മുന്നില്‍ താടിയ്ക്ക് കയ്യും കൊടുത്ത് സങ്കടപ്പെട്ടിരിക്കുന്നു..!, അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top