കരിപ്പൂരില്‍ വലിയവിമാനങ്ങള്‍ നിര്‍ത്തലാക്കിയിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു

ഫയല്‍ ചിത്രം

കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയിട്ട് മൂന്നു വര്‍ഷങ്ങള്‍ പിന്നിടുന്നു. റണ്‍വേ റീ കാര്‍പറ്റിംഗിന്റെ പേരില്‍ 2015 ഏപ്രില്‍ 30 ന് ആണ് അവസാനമായി കരിപ്പൂരില്‍ ജംബോവിമാനസര്‍വീസ് നടത്തിയത്. വിവിധ എയര്‍ലൈന്‍ കമ്പനികള്‍ 52 ജംബോ വിമാനസര്‍വീസുകളാണ് കരിപ്പൂരില്‍ നടത്തിയിരുന്നത്. റണ്‍വേ റീ കാര്‍പ്പറ്റിംഗിന്റെ പേരില്‍ ഈ വിമാനങ്ങളെല്ലാം സര്‍വീസ് അവസാനിപ്പിച്ചു.

സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ(ഡിജിസിഎ) നിര്‍ദേശമനുസരിച്ചാണ് കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. ഇതോടെയാണ് കൂടുതല്‍ റണ്‍വേകള്‍ വേണ്ട വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയത്. വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ റണ്‍വേയ്ക്ക് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണി നടത്തി റണ്‍വേ ബലവത്താക്കാന്‍ തീരുമാനിച്ചു.

വിമാനങ്ങള്‍ വന്നിറങ്ങുന്ന ഭാഗത്ത് കുഴിയെടുത്ത് കോണ്‍ക്രീറ്റ് നടത്തി റണ്‍വേ ബലപ്പെടുത്തുകയായിരുന്നു. 2016 സെപ്റ്റംബറില്‍ പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലും നിര്‍ത്തലാക്കിയ ജംബോ സര്‍വീസുകളൊന്നും പുനരാരംഭിച്ചിട്ടില്ല. ലക്ഷക്കണക്കിന് പ്രവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ് കരിപ്പൂരിലേത്. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താത്തത് പ്രവാസികളെ ഏറെ വലയ്ക്കുന്നുണ്ട്.

ആറുമാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കി ജംബോ വിമാനസര്‍വീസുകള്‍ അടക്കം പുനരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നടപ്പായില്ല. കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാകുന്നതോടെ വലിയ വിമാനസര്‍വീസുകള്‍ കരിപ്പൂരില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യാനുള്ള സാധ്യതയും കുറവാണ്. വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് ഇനിയുണ്ടാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. സുരക്ഷിത ലാന്‍ഡിംഗിന്റെ കാര്യത്തില്‍ സംശയമുള്ളതിനാല്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനസര്‍വീസുകള്‍ക്ക് ഡിജിസിഎ അനുമതി നല്‍കാനുള്ള സാധ്യതയില്ല.

വലിയ വിമാനങ്ങളുടെ പിന്‍മാറ്റം എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് കനത്തനഷ്ടമാണുണ്ടാക്കുന്നത്. ചെറിയവിമാനസര്‍വീസ് വര്‍ദ്ധിപ്പിച്ചും ലാന്‍ഡിംഗ് ഫീസും ടെര്‍മിനല്‍ വാടകയും ഉയര്‍ത്തിയുമൊക്കെയാണ് എയര്‍പോര്‍ട്ട് അഥോറിറ്റി പിടിച്ചുനില്‍ക്കുന്നത്.

പ്രതിഷേധമുയര്‍ന്നതോടെ ഇടത്തരം വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗിന് അനുമതി നല്‍കാമെന്ന നിലപാട് ഡിജിസിഎ സ്വീകരിച്ചിട്ടുണ്ട്. ഇടത്തരം വിമാനങ്ങള്‍ കൂടുതലായി വരുന്നതോടെ നഷ്ടപ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കരിപ്പൂര്‍ വിമാനത്താവള അധികൃതരും നാട്ടുകാരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top